കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു

സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഹരീഷ് പേരടി നിര്‍മ്മിക്കുന്ന…

സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാനെ തെരുവുനായ കടിച്ചു. കോഴിക്കോട് മേത്തോട്ടുതാഴത്ത് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘വാസുവേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗായിരുന്നു നടന്നിരുന്നത്. ഇതിനിടെ ക്യാമറ കൈകാര്യം ചെയ്തിരുന്ന ജോബിന്റെ പിറകിലൂടെ വന്ന നായ ആക്രമിച്ചു. ഇദ്ദേഹത്തിന്റെ കാലിനായിരുന്നു കടിയേറ്റത്. പിന്നാലെ നായ ഓടിപോകുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്ത ശേഷം ജോബിന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഒരേ നായ തന്നെ 21 പേരെ ഒറ്റ ദിവസം കടിച്ചിരുന്നു. തിരുവനന്തപുരം വിളവൂര്‍കലിലാണ് സംഭവം. വിളവൂര്‍ക്കല്‍ മൂലമണ്‍ ഭാഗത്തെ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം കല്ല് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം നായയുടെ ആക്രമണത്തില്‍ കടിയേറ്റു.
ഒരേ നായ തന്നെയാണ് പല സ്ഥലങ്ങളില്‍ വച്ച് ആളുകളെ ആക്രമിച്ചത്.

വിദ്യാര്‍ഥികളെ കൂടാതെ ടാക്സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവില്‍ എത്തിയവര്‍, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു. ഇടറോഡുകളില്‍ വച്ചായിരുന്നു ആക്രമണം.ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്സിനേഷനായാണ് ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമിച്ച നായയേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.