എല്ലാവർക്കും അറിയേണ്ടത് ഒരേയൊരു കാര്യം, പക്ഷേ ആ രഹസ്യം പുറത്ത് വിടാതെ കമ്പനി; ഐഫോൺ 16 സിരീസ് എപ്പോഴെത്തും

ഐഫോൺ 16 സിരീസ് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് സ്മാർട്ട് ഫോൺ പ്രേമികൾ. പല റിപ്പോർട്ടുകളും ഇക്കാര്യത്തിൽ പുറത്ത് വരുന്നുണ്ടെങ്കിലും കമ്പനി മാത്രം ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ഐഫോണിനെ കുറിച്ച് ഓരോരോ വിവരങ്ങളായി ലീക്കാകുന്നത് ആകാംക്ഷ കൂട്ടുന്നുമുണ്ട്. നാല് മോഡലുകളാണ് പുതിയ ഐഫോൺ 16 സിരീസിലുണ്ടാവുക.

ഐ ഫോൺ 16, ഐ ഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെയാണ് നാല് മോഡലുകൾ. കൊവിഡ് കാലം മാറ്റി നിർത്തിയാൽ ഐഫോൺ അഞ്ച് മുതലുള്ള എല്ലാ മോഡലുകളും പുറത്തിറക്കിയത് സെപ്റ്റംബർ മാസത്തിലായിരുന്നു. ഈ രീതി തന്നെ ആപ്പിൾ ഇത്തവണയും തുടരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ 20ന് ഐഫോൺ 16 മോഡലുകളുടെ വിൽപന തുടങ്ങാനാണ് സാധ്യത. ഐഫോൺ 16 സിരീസിന് പുറമെ ഐപാഡും ഐപാഡ് മിനി പ്ലസും, പുതിയ എയർപോഡും പുറത്തിറങ്ങാനുണ്ട്. ആപ്പിൾ അവരുടെ പ്രൊഡക്‌റ്റുകൾ പുറത്തിറക്കും മുമ്പ് ഒരു കീനോട്ട് അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തെ കീനോട്ട് അവതരണം സെപ്റ്റംബർ ആദ്യപകുതിയിലുണ്ടായേക്കും എന്നും ഫോബ്‌സിൻറെ റിപ്പോർട്ടിൽ പറയുന്നു.