Film News

ജയറാമിന്റെ തിരിച്ചു വരവോ? ‘അബ്രഹാം ഓസ്‌ലര്‍’ റിലീസ് പ്രഖ്യാപിച്ചു

ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ച് വരുന്ന ഓസ്‌ലര്‍ ക്രിസ്മസിനെത്തും. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മിഥുന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ‘ഓസ്ലര്‍ വരുന്നു, ഈ ക്രിസ്മസിന്’എന്നാണ് സംവിധായകന്‍ കുറിച്ചത്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതിനാല്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. എബ്രഹാം ഓസ്ലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. മെഡിക്കല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‌ലര്‍. ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വ്യത്യസ്തമായ ലൂക്കിലാണ് ജയറാം ‘അബ്രഹാം ഓസ്ലറി’ല്‍ എത്തുന്നത്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തിയ ജയറാമിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സെക്കന്റ് ലുക്ക് പോസ്റ്ററില്‍ ആള്‍ക്കൂട്ടത്തിനും പോലീസുകാര്‍ക്കും ഇടയിലൂടെ നടന്നു വരുന്ന ജയറാമിനെയാണ് കണ്ടത്. കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണര്‍ അബ്രഹാം ഓസ്ലറിലൂടെ നടത്തുന്നത്. ദുരൂഹതകളും സസ്പെന്‍സും നിറഞ്ഞ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാരിക്കും ചിത്രം. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങള്‍. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. കലാസംവിധാനം ഗോകുല്‍ ദാസ്.

Trending

To Top