Film News

150 രൂപ മുടക്കിയവര്‍ക്ക് നിരൂപണം ചെയ്യാനും അധികാരമുണ്ട്!!! സിനിമാ റിവ്യൂവിനെ പിന്തുണച്ച് അജു വര്‍ഗീസ്

സിനിമാ റിവ്യൂ ചെയ്യുന്നതിനെ പിന്തുണച്ച് നടന്‍ അജു വര്‍ഗീസ്. 150 രൂപ മുടക്കി സിനിമ കാണുന്നവര്‍ക്ക് നിരൂപണം ചെയ്യാനും അവകാശം ഉണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു. തന്റെ പുതിയ ചിത്രം ഫീനിക്സിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് അജു വര്‍ഗീസ് റിവ്യൂ പിന്തുണച്ചത്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോയെന്നും അജു തിരിച്ചു ചോദിക്കുകയും ചെയ്തു.

‘ഫിലിം റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോ? അത് മാറാത്തിടത്തോളം കാലം നമ്മള്‍ സംസാരിച്ചിട്ട് കാര്യമില്ല. 150 രൂപ മുടക്കിയെങ്കില്‍ അവര്‍ക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലില്‍ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കില്‍ ഞാന്‍ പറയും. ഞാന്‍ ഭാഗമാകുന്ന മലയാള സിനിമകള്‍ കലയേക്കാളും ഒരു ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട് ആണ്. ഞാന്‍ പലപ്പോഴും വാണിജ്യ സിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പ്പന്നമാണ്. നമ്മള്‍ വിപണിയില്‍ നിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോള്‍ ഐഎസ്ഐ മുദ്രയുണ്ടെങ്കില്‍, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്, എന്നും അജു പറയുന്നു.

എല്ലാവരും ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോള്‍ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകള്‍ക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടപ്പെടാതെ സിനിമ കാണാന്‍ വന്ന് ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തിരിച്ചുപോയ പ്രദര്‍ശനത്തിലും ഞാന്‍ ഇരുന്നിട്ടുണ്ട്. നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും അജു പറയുന്നു.

മുന്‍വിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ പോകുന്നതിനേക്കാള്‍, നമുക്കിഷ്ടമുള്ളൊരാളെ കാണാന്‍ നമ്മള്‍ പോകുമ്പോള്‍ അവര്‍ സ്‌ക്രീനില്‍ നമ്മളെ നിരാശപ്പെടുത്തുമ്പോള്‍ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത പടം വരുമ്പോള്‍ അവരത് മറക്കും. എല്ലാം പെര്‍ഫെക്റ്റാവുന്നത് സിനിമയില്‍ ബുദ്ധിമുട്ടാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

Trending

To Top