Film News

ബേസില്‍ ജോസഫിന്റെ കഴിവിന്റെ 10 ശതമാനം പോലും ഇല്ല? ആരാധകന് അല്‍ഫോന്‍സ് പുത്രന്റെ മറുപടി

പ്രേമം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍ ഗോള്‍ഡിന് തിയ്യറ്ററില്‍ നിന്നും ആ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായില്ല. ഡിസംബര്‍ 29 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും എത്തിയിരുന്നു.

തിയറ്റര്‍ റിലീസിനു പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാരംഭിച്ചിരുന്നു. പലരും അല്‍ഫോന്‍സ് പുത്രനെ നേരിട്ട് വിമര്‍ശിക്കുന്നുണ്ട്. അല്‍ഫോന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിറയുന്ന കമന്റുകള്‍ക്കെല്ലാം അദ്ദേഹം തന്നെ മറുപടിയും നല്‍കുന്നുണ്ട്.

അല്‍ഫോന്‍സിനെയും ബേസില്‍ ജോസഫിനെയും താരതമ്യപ്പെടുത്തിയുള്ള ഒരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അല്‍ഫോന്‍സ് പുത്രന്‍ ഓവര്‍റേറ്റഡ് അല്ലേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ബേസില്‍ ജോസഫിന് ഉള്ള കഴിവിന്റെ നൂറില്‍ 10 ശതമാനം പോലും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ആരാധകന്‍ ചോദിക്കുന്നു. അതിനുള്ള പുത്രന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

അപ്പോള്‍ ഞാന്‍ ബേസില്‍ ജോസഫിന്റെ 10 ശതമാനം. താങ്ക്യൂ. ഞാന്‍ ഒട്ടും ഓവര്‍റേറ്റഡ് അല്ല ബ്രോ. വളരെ താഴ്ത്തി, നല്ല ഉഗ്രന്‍ പുച്ഛത്തോടെ തന്നെയാണ് സംസ്ഥാന അവാര്‍ഡ് ജൂറി എന്നെ ഉഴപ്പന്‍ എന്ന് വിളിച്ചത്. പിന്നെ സിംഹത്തിനെയും കടുവയെയും താരതമ്യം ചെയ്‌തോളൂ ബ്രോ. ദിലീഷ് പോത്തനെയും ബേസില്‍ ജോസഫിനെയും താരതമ്യം ചെയ്യൂ. എന്നെ വിട്ടേക്കൂ. ഞാന്‍ ഒറു ചെറിയ ഉറുമ്പന്‍ ആണെന്ന് വിചാരിച്ചാല്‍ മതി, എന്നായിരുന്നു പുത്രന്റെ മറുപടി.

Trending

To Top