Film News

രണ്ട് സര്‍പ്രൈസുകള്‍…ആരാധകലോകം കാത്തിരുന്ന എമ്പുരാന്‍ അപ്‌ഡേറ്റ് എത്തി!!

മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ വമ്പന്‍ അപ്‌ഡേറ്റ് എത്തി. പ്രൊജക്റ്റ് സംബന്ധിച്ച സുപ്രധാന അപ്‌ഡേറ്റ് ഇന്ന് ഉണ്ടാകുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. എമ്പുരാനെക്കുറിച്ചുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 5 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും മാത്രമല്ല ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനി കൂടി എമ്പുരാന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സര്‍പ്രൈസ്. 2.0, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക പ്രൊഡക്ഷന്‍സും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി എത്തുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ ഉറങ്ങിക്കിടക്കുന്ന അബ്രാം ഖുറേഷി എന്ന അധോലോക രാജാവിലേക്കുള്ള മോഹന്‍ലാലിന്റെ യാത്രയാണ് ചിത്രം പറയുന്നത്.

സിനിമയില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായെത്തുന്ന ഇന്ദ്രജിത്തിന്റെ ശബ്ദത്തിലൂടെയാണ് അബ്രാം ഖുറേഷിയുടെ ലോകത്തേക്ക് പൃഥ്വിരാജും മുരളി ഗോപിയും പ്രേക്ഷകരെ കൊണ്ടു പോകുന്നത്.

മലയാളത്തിലെ ആദ്യത്തെ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിലുണ്ടായിരുന്ന പലതാരങ്ങളും എമ്പുരാനിലും ഉണ്ടാകും. സുജിത് വാസുദേവ് തന്നെയാണ് എമ്പുരാനിലും ഛായാഗ്രാഹകന്റെ റോളിലെത്തുന്നത്. ദീപക് ദേവിന്റെതാണ് സംഗീതം, സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.

മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രമില്ല. 2019ല്‍ പുറത്തെത്തിയ ലൂസിഫറിന്റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ദില്ലി, സിംല എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.

Trending

To Top