ഉലകനായകന് യുഎഇയുടെ ആദരം! ഗോള്‍ഡന്‍ വിസ സ്വീകരിച്ച് കമല്‍ ഹാസന്‍

തമിഴകത്തിന്റെ ഉലകനായകന്‍, ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം വിശേഷണങ്ങള്‍ ഏറെയാണ് കമല്‍ ഹാസന്. ഇപ്പോഴിതാ ഉലകനായകനെ ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചിരിക്കുകയാണ് യു.എ.ഇ സര്‍ക്കാര്‍. ദുബായ് ജി.ഡി.ആര്‍.എഫ്.എ അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.…

തമിഴകത്തിന്റെ ഉലകനായകന്‍, ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം വിശേഷണങ്ങള്‍ ഏറെയാണ് കമല്‍ ഹാസന്. ഇപ്പോഴിതാ ഉലകനായകനെ ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചിരിക്കുകയാണ് യു.എ.ഇ സര്‍ക്കാര്‍. ദുബായ് ജി.ഡി.ആര്‍.എഫ്.എ അധികൃതരില്‍ നിന്ന് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. കെ. അബ്ദുല്‍ ഗനിയും ഒപ്പമുണ്ടായിരുന്നു.

സിനിമ രംഗത്തെ സംഭാവനകള്‍ വിലയിരുത്തിയാണ് കമല്‍ ഹാസന് ആദരം. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെയും യുവ താരങ്ങളെയും മറ്റ് പല പ്രമുഖര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചിരുന്നു.

സിനിമ, സാംസ്‌കാരി തുടങ്ങി വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് 10 വര്‍ഷത്തേക്ക് അനുവദിക്കുന്നതാണ് യുഎഇ ഗോള്‍ഡന്‍ വിസ.
സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയത്.

കമല്‍ഹാസന്‍ നായകനായി ഏറ്റുവും ഒടുവില്‍ എത്തിയ ‘വിക്രം’ ബോക്‌സ് ഓഫീസുകള്‍ തകര്‍ത്തിരിക്കുകയാണ്. ലോകേഷ് കനകരാജാണ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. ജൂലൈ എട്ടിന് ചിത്രം ഒടിടിയിലെത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം കാണാനാകുക. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ ‘വിക്രമി’ന്റെ പ്രത്യേകതയായിരുന്നു.

അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇതെന്നായിരുന്നു പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസന്‍ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‌നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വീറ്റ് ചെയ്തിരുന്നു,

കമല്‍ഹാസനൊപ്പം ‘വിക്രം’മില്‍ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം.

നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.