
തമിഴ് ചിത്രമായ ‘സീനി’ന്റെ പ്രമോഷൻ ചടങ്ങിനിടയിൽ ഫഹദ് ഫാസിലുമായുള്ള ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി നടി നസ്രിയ നസീം. തമിഴകത്തെ മാതൃകാ ദമ്പതികളായ സൂര്യ-ജ്യോതിക ജോഡിയോട് മലയാളത്തിൽ ഫഹദിനെയും നസ്രിയെയുമാണ് ആരാധകർ ഉപമിക്കാറുള്ളതെന്നും, ഇത്രയും മനോഹരമായ ഒത്തൊരുമയുടെ രഹസ്യം എന്താണെന്നുമുള്ള അവതാരകയുടെ ചോദ്യമാണ് വേദിയിൽ ചിരി പടർത്തിയത്.
അവതാരകയുടെ ഈ പരാമർശം കേട്ടയുടൻ തമാശരൂപേണ “ഫഹദ് ഇത് കേൾക്കണം, ഒത്തൊരുമ എന്നാണ് പറയുന്നത്” എന്ന് പറഞ്ഞാണ് നസ്രിയ പ്രതികരിച്ചത്. തുടർന്ന് ഗൗരവത്തോടെ സംസാരിച്ച താരം, പരസ്പരമുള്ള ബഹുമാനവും സ്നേഹവും കരിയറിലെ പിന്തുണയുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയെന്നും കൂട്ടിച്ചേർത്തു. സൂര്യ നായകനാകുന്ന ‘സീൻ’ എന്ന ചിത്രത്തിലൂടെ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.
