
മലയാളത്തിൽ വലിയ വിജയം നേടിയ ജോജു ജോർജ് ചിത്രം ‘ജോസഫിന്റെ’ ഹിന്ദി റീമേക്കായ ‘സൂര്യ: അന്ത സെ ആരംഭ് തക്’ (Suryaa: Ant Se Aarambh Tak) നിയമക്കുരുക്കിൽ. സണ്ണി ഡിയോൾ നായകനായെത്തുന്ന ചിത്രത്തിന്റെ ടീസറിനെതിരെ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും (CBFC) നോട്ടീസ് അയച്ചു. പ്രമുഖ സംവിധായകൻ എം. പത്മകുമാർ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളുടെയും അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും പ്രതിച്ഛായ മോശമായി ചിത്രീകരിക്കുന്നുവെന്നും, ഇത് ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രേരണയാകുമെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ ഒരു കൂട്ടം ഡോക്ടർമാർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി നടപടി. ചിത്രത്തിന്റെ ടീസർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ കേസ് കോടതി നവംബർ 16-ലേക്ക് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജോസഫിന്റെ ഒറിജിനൽ മലയാളം പതിപ്പും സംവിധാനം ചെയ്തത് എം. പത്മകുമാർ തന്നെയായിരുന്നു.








