
പ്രശസ്തിയുടെയും വിജയത്തിൻ്റെയും ഭാരം തൻ്റെ വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയെന്ന് തുറന്നു പറഞ്ഞ് സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ. പുറത്തുപോകുമ്പോൾ ആരാധകരുടെ സ്നേഹം കാരണം സ്വകാര്യത പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥ കുടുംബ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സംഗീത സംവിധായകൻ മനസ്സ് തുറന്നത്.
താൻ വളരെ അപൂർവമായി മാത്രമേ പൊതുസ്ഥലങ്ങളിൽ പോകാറുള്ളൂവെന്നും, ചെന്നൈയിൽ സാധാരണ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാറില്ലെന്നും റഹ്മാൻ പറഞ്ഞു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ പോലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ ഓട്ടോഗ്രാഫിനും സെൽഫിക്കുമായി എത്തുന്നത് പതിവാണ്.
“നാം ഭക്ഷണം കഴിക്കുകയാണെന്നോ, നമുക്കും ഒരു ജീവിതമുണ്ടെന്നോ ആളുകൾ ശ്രദ്ധിക്കാറില്ല. പക്ഷെ, അവരുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് അറിയുമ്പോൾ ആ അവസരം പാഴാക്കരുത് എന്ന് കരുതി ഞാൻ വഴങ്ങും. അതുകൊണ്ട്, മിക്കവാറും വിവാഹങ്ങൾക്ക് പോയാൽ ഞാൻ ഭക്ഷണം കഴിക്കാറില്ല, ആശംസ അറിയിച്ച് മടങ്ങുകയാണ് പതിവ്,” റഹ്മാൻ പറഞ്ഞു.
സ്വകാര്യത നഷ്ടപ്പെട്ട ഈ അവസ്ഥയാണ് കുടുംബ ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കിയത്. ഭാര്യക്കും മക്കൾക്കുമൊപ്പം സ്വസ്ഥമായി സമയം ചെലവഴിക്കാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോളിവുഡിൽ ഇത്തരം കാര്യങ്ങൾ ചോദിച്ചാൽ താരങ്ങൾ ഉടൻ പ്രതികരിക്കുമെന്നും എന്നാൽ ഇന്ത്യൻ സിനിമാ താരങ്ങൾ താരതമ്യേന സൗഹാർദ്ദപരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.











