‘പെട്ടെന്ന് ഒരു ദിവസം നടനാകാൻ തീരുമാനിച്ചു, ഒരു വ്യാജ ബയോഡാറ്റ വരെയുണ്ടാക്കി’; സിനിമയിലെത്തും മുമ്പുള്ള കഥ പറഞ്ഞ് വിജയ് സേതുപതി

വിജയ് സേതുപതിയുടെ മെറി ക്രിസ്മസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിലെ ഗംഭീര ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ ശ്രീറാം രാഘവനാണ് ആണ് സംവിധായകൻ എന്നതിനാൽ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ചുള്ളത്. കത്രീന കൈഫും ചിത്രത്തിൽ…

വിജയ് സേതുപതിയുടെ മെറി ക്രിസ്മസ് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിലെ ഗംഭീര ത്രില്ലർ ചിത്രങ്ങളുടെ സംവിധായകൻ ശ്രീറാം രാഘവനാണ് ആണ് സംവിധായകൻ എന്നതിനാൽ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ചുള്ളത്. കത്രീന കൈഫും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു ടൈം ട്രാവലർ ക്രൈം ത്രില്ലറാണ് അണിയറയിൽ ഒരുങ്ങിയിട്ടുള്ളതെന്നാണ് വിവരങ്ങൾ. ഇപ്പോൾ ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വലിയ ചർച്ചയാകുന്നത്.

സിനിമ രംഗത്ത് എത്തിയ ശേഷം തന്റെ ആദ്യ നാളുകളിൽ അനുഭവിച്ച കഷ്ടപ്പാടുകളാണ് വിജയ് വെളിപ്പെടുത്തിയത്. വിചിത്രമായ കുറെ ജോലികൾ ചെയ്തതിന് ശേഷമാണ് തൻറെ അഭിനയം എന്ന ആഗ്രഹം പൂർത്തിയാക്കാൻ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ​ഗർഭിണിയായ സമയത്ത് ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെ ഞാൻ ഒരു ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ് ചെയ്യാൻ ശ്രമിച്ചു. അത് നന്നായി പോയില്ല. പിന്നീട് ദുബായിലും ചെന്നൈയിലും അക്കൗണ്ടന്റായി ജോലി നോക്കി.

“പെട്ടെന്ന് ഒരു ദിവസമാണ് ഒരു നടനാകാൻ തീരുമാനിച്ചത്. ഞാൻ വളരെ അന്തർമുഖനായിരുന്നു. അതിനാൽ തന്നെ ആ സ്വഭാവം അവസാനിപ്പിക്കാനും തീരുമാനിച്ചു. പക്ഷേ അതെങ്ങനെ ചെയ്യുമെന്ന കാര്യം മാത്രം അറിയില്ലായിരുന്നു. അങ്ങനെ അഞ്ച് വർഷമായി മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നു എന്ന ഒരു വ്യാജ ബയോഡാറ്റ ഉണ്ടാക്കി. മാർക്കറ്റിംഗിൽ ജോലി ചെയ്താൽ ഒരോ ദിവസവും പുതിയ ആളുകളെ കാണാം. അതുവഴി എൻറെ അപകർഷതാബോധത്തെ ഇല്ലാതാക്കാമെന്നും കരുതി. മൂന്ന് മാസം പരീക്ഷണം നോക്കി. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ഒരു ഡ്രാമ തിയേറ്റർ കണ്ടു. അവരുടെ അടുത്ത് ചെന്ന് ആക്ടിംഗ് കോഴ്സിന് ചേർക്കാമോ എന്ന് ചോദിച്ചു.

എന്നാൽ അവർക്ക് ഒരു അക്കൗണ്ടൻറിനെയായിരുന്നു വേണ്ടത്. അങ്ങനെ ആ തീയറ്ററിൽ അക്കൗണ്ടന്റായി ചേർന്നു. രണ്ടു വർഷം അവിടെ അക്കൗണ്ടന്റായിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോൾ ഞാൻ അഭിനേതാക്കളെ നിരീക്ഷിക്കുകയായിരുന്നു. കാരണം അവിടെ പോയാൽ ഇവരെ നിരീക്ഷിച്ചാൽ എല്ലാ ഭാവങ്ങളും പഠിക്കാമെന്നും ഒരു നടനാകുമെന്നും കരുതി” – വിജയ് സേതുപതി പറഞ്ഞു.

തൻറെ സിനിമ രംഗത്തെ ആദ്യ നാളുകളെക്കുറിച്ചും അഭിമുഖത്തിൽ വിജയ് സേതുപതി പറയുന്നുണ്ട്. “ഒരു നായകനോ മികച്ച നടനോ ആകുക എന്നതായിരുന്നില്ല ആദ്യ ലക്ഷ്യം. സിനിമയിൽ അഭിനയിച്ച് പണം കിട്ടി ഒരു സെക്കൻഡ് ഹാൻഡ് പഴയ കാർ വാങ്ങുക, എല്ലാ മാസവും കൃത്യമായി വാടക കൊടുക്കുക അതുവഴി അതുണ്ടാക്കുന്ന ടെൻഷൻ ഒഴിവാക്കുക എന്നൊക്കെയായിരുന്നു. എന്തെങ്കിലും അവസരത്തിനായി മറ്റൊരാൾക്ക് മുൻപിൽ നിൽക്കുന്ന അവസ്ഥ ഒഴിവാക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം. എനിക്ക് ആത്മാഭിമാനം വേണമായിരുന്നു. ശരിക്കും ജീവിതം ഒരു നേർവഴിയല്ല, അത് 360 ഡിഗ്രി പഠനമാണ്” – വിജയ് സേതുപതി കൂട്ടിച്ചേ‍ർത്തു.