ഒരു കൂട്ടം സ്ത്രീകളുമായി ശബരിമലയില്‍ ഉടനെ പ്രവേശിക്കും: തൃപ്തി ദേശായി

മുംബൈ: ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ ഒരു കൂട്ടം സ്ത്രീകളുമായി എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, അതിനെതിരെ സമരം ചെയ്യുന്നവര്‍ സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ക്ക് എതിരെയാണ് സമരം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ സ്വാഗതമാണ് ചെയ്യേണ്ടതെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതിനെ ചെറുക്കന്‍ പല ഹൈന്ദവ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിതെന്നും ബി.ജെ.പി. പ്രതികരിച്ചു .

സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനത്തിനായി സമരങ്ങള്‍ നടത്തിയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ശ്രദ്ധ നേടുന്നത്.മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപുര്‍ ക്ഷേത്ര പ്രവേശനം ദേശീയതലത്തില്‍ അറിയപ്പെട്ടു.ശനിശിംഘ്‌നാപുര്‍ ക്ഷേത്രം, ഹാജി അലി ദര്‍ഗ്ഗ, പൂനെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രിപ്രവേശനം നടപ്പാക്കിയ ശേഷമാണ് ഇവര്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.