
sചെന്നൈ: തെലങ്കാന മുൻ ഗവർണറും ബിജെപി മുതിർന്ന നേതാവുമായ തമിഴിസൈ സൗന്ദർരാജനുമായി പാർട്ടി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴിസൈയുടെ വസതിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പാർട്ടിക്ക് വേണ്ടി തമിഴിസൈ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അണ്ണാമലൈ പ്രതികരിച്ചു.
തമിഴ്നാട്ടിൽ താമര വിരിയുമെന്ന് തമിഴിസൈ ഉറപ്പിച്ചുപറഞ്ഞതായും അണ്ണാമലൈ എക്സിൽ കുറിച്ചു. തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴിസൈയോട് വിരൽ ചൂണ്ടി സംസാരിക്കുന്ന അമിത് ഷായുടെ വീഡിയോ ആണ് വലിയ വിവാദങ്ങൾക്ക് കാരണമായത്.
തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമർശിച്ചതിന് അമിത് ഷാ തമിഴിസൈയെ താക്കീത് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അമിത് ഷായുടെ വീഡിയോ ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. അമിത് ഷായുടേത് തെറ്റായ നടപടിയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ വനിതാ നേതാവിനെ അപമാനിച്ചത് മര്യാദയാണോ എന്നും ഡിഎംകെ ചോദിച്ചു.











