ഫുൾ ഫൺ ത്രില്ലറുമായി എ ജെ വർഗീസ്: ‘അടിനാശം വെള്ളപ്പൊക്കം’ ടീസർ ശ്രദ്ധ നേടുന്നു

അടി കപ്യാരേ കൂട്ടമണി’, ‘ഉറിയടി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ എ ജെ വർഗീസ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ‘അടിനാശം വെള്ളപ്പൊക്കം’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

1.14 മിനിറ്റ് ദൈർഘ്യമുള്ള ടീസറിലെ ഉദ്വേഗജനകമായ രംഗങ്ങളാണ് ചർച്ചാവിഷയം. “ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻ താരകം അവതരിച്ചിരിക്കുന്നു,” ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന പ്രേംകുമാറിൻ്റെ ഈ വാക്കുകൾ ചിത്രത്തിന്റെ കാതലായ ആശയം വ്യക്തമാക്കുന്നു: നിലവിലുള്ള ഒരു മാഫിയാ തലവനും അയാൾക്കെതിരെ ഉയരുന്ന മറ്റൊരു ശക്തിയും തമ്മിലുള്ള പോരാട്ടം. ഇതിനോടനുബന്ധിച്ച് ക്യാമ്പസ് രംഗങ്ങളും ‘ആണ്ടവനെ’ പൂജിക്കുന്ന ഒരു സംഘത്തിന്റെ കൗതുകകരമായ ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നർമ്മവും ഉദ്വേഗവും കോർത്തിണക്കിയ ഈ ടീസറിന് നവമാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒരു ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവർക്കൊപ്പം വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം ബി എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റിംഗ് ലിജോ പോൾ, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് അമൽ കുമാർ കെ സി, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, സ്റ്റിൽസ് റിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി, പ്രൊജക്റ്റ് ഡിസൈൻ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.