ശ്രീക്കുട്ടിയുടെ ദാമ്പത്യ വിശേഷങ്ങൾ വിമർശനത്തിൽ; മറുപടിയുമായി നടി രംഗത്ത്

ഓട്ടോഗ്രാഫ്’ എന്ന ജനപ്രിയ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയയിലൂടെയും വ്ളോഗുകളിലൂടെയും താരം വ്യക്തിപരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. അടുത്തിടെ ഇരുവരും തങ്ങളുടെ 13-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശ്രീക്കുട്ടി പങ്കുവെച്ച വ്ളോഗിലെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

ഒരു മാസത്തിൽ 25 ദിവസവും താനും ഭർത്താവും തമ്മിൽ വഴക്കും പിണക്കവും ആണെന്നും, ഇരുവരും ഒട്ടും മോശക്കാരല്ലെന്നും ശ്രീക്കുട്ടി വ്ളോഗിൽ പറഞ്ഞിരുന്നു. ഭർത്താവിന് ദേഷ്യമുണ്ടെന്നും താനും മോശമല്ലെന്നും താരം തുറന്നുപറഞ്ഞു. ഇതിനുപിന്നാലെ, സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ശ്രീക്കുട്ടിയും ഭർത്താവുമായുള്ള ബന്ധം ‘ട്രോമ ബോണ്ടിംഗ്’ (Trauma Bonding) ആണെന്ന തരത്തിലായിരുന്നു കമന്റുകൾ.

വിമർശനങ്ങളോടും വളച്ചൊടിച്ച വാർത്തകളോടുമുള്ള മറുപടിയുമായി ശ്രീക്കുട്ടി പുതിയ വ്ളോഗിലൂടെ രംഗത്തെത്തി. താൻ പറഞ്ഞ കാര്യങ്ങൾ മറ്റൊരു രീതിയിൽ പ്രചരിക്കുമെന്ന് കരുതിയിരുന്നതായും, അതുപോലെ തന്നെ സംഭവിച്ചതായും താരം പറഞ്ഞു.

“കുറച്ച് ഓൺലൈൻ മീഡിയകൾ ആ വീഡിയോ എടുത്തിട്ട്, ശ്രീക്കുട്ടിയുടെ ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്, എന്നും വഴക്കും ബഹളവുമാണ്, മോളെ കരുതി മാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നൊക്കെ പറഞ്ഞ് എഴുതിയിട്ടിരുന്നു. ഞാൻ ഇത്തരം വാർത്തകൾ മൈൻഡ് ചെയ്യാറില്ലെങ്കിലും അമ്മയാണ് എനിക്ക് ഇത് കാണിച്ചു തന്നത്. എനിക്കത് കണ്ടിട്ട് ചിരിയാണ് വന്നത്,” ശ്രീക്കുട്ടി പറഞ്ഞു.

നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിനെ വളച്ചൊടിച്ച് പബ്ലിക്കിൽ എത്തിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് താരം ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ കണ്ടന്റ് എടുത്ത് അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്ന റിയാക്ഷൻ വീഡിയോ ചെയ്യുന്നവർക്ക് സ്വന്തമായി കണ്ടന്റ് ഇല്ലെന്നും ശ്രീക്കുട്ടി വിമർശിച്ചു.

“ഫെയ്ക്കായി വരുന്ന കാര്യങ്ങൾ കണ്ട് അതിനെ സപ്പോർട്ട് ചെയ്യാതെ ഒറിജിനൽ വീഡിയോകൾ തന്നെ കാണാൻ ശ്രമിക്കുക,” എന്നും ശ്രീക്കുട്ടി ആരാധകരോട് അഭ്യർഥിച്ചു.