ട്രെയിനിൽ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം;

ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാചകം ചെയ്ത സ്ത്രീക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സെൻട്രൽ റെയിൽവേയുടെ ഈ നിർണ്ണായക പ്രഖ്യാപനം.

ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കെതിരെയും ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും നിയമപരമായ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധവും ശിക്ഷാർഹവും അതീവ അപകടകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ എസി കോച്ചിൽ വച്ച് ഒരു സ്ത്രീ കെറ്റിലിൽ നൂഡിൽസ് തയ്യാറാക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. കൂടാതെ, ഇതേ കെറ്റിൽ ഉപയോഗിച്ച് 15 പേർക്ക് ചായ ഉണ്ടാക്കി നൽകിയെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ട്രെയിൻ യാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.