
തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും സോഷ്യൽ മീഡിയയിൽ നേരിടുന്ന വ്യക്തിഹത്യകളെയും കുറിച്ച് തുറന്നടിച്ച് നടൻ രവി മോഹൻ (ജയം രവി). ഒരു റിസോർട്ടിൽ ശാന്തനായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി താരം രംഗത്തെത്തിയത്. സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്ന സമൂഹത്തിൽ പുരുഷന്മാരാണ് പലപ്പോഴും വലിയ ഇരകളാകുന്നതെന്ന് അദ്ദേഹം കുറിച്ചു.
മുൻഭാര്യയിൽ നിന്ന് താൻ നേരിട്ട മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ച് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. “ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി ഒരു മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ,” എന്നാണ് രവി മോഹൻ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. തന്റെ നീതിക്കായുള്ള പോരാട്ടത്തിൽ നിയമവ്യവസ്ഥ പോലും കാര്യങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള താരത്തിന്റെ സൗഹൃദം വലിയ ചർച്ചയായിരുന്നു. തന്റെ ജീവിതത്തിലെ ‘ഹീലർ’ എന്ന് വിശേഷിപ്പിക്കുന്ന കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളി കൂടിയാണ്. വിവാദങ്ങൾക്കിടയിലും കരിയറിൽ സജീവമായ താരം, ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന ‘കരത്തെ ബാബു’ എന്ന ചിത്രത്തിലൂടെ ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. കൂടാതെ യോഗി ബാബുവിനെ നായകനാക്കി ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകന്റെ തൊപ്പിയും അദ്ദേഹം അണിയുകയാണ്.











