‘ആദിപുരാതനമായ കിറുക്ക്’… ഷെല്ലിയുടെ കയ്യിലെ ബഷീറിന്റെ ‘നീലവെളിച്ചം’; ‘ഉന്മാദ’ത്തിൽ ഒളിപ്പിച്ച സൂചനയോ?

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിച്ചെത്തിയ ‘ഉന്മാദം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഷെല്ലിയായി കുഞ്ചാക്കോ ബോബൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് തിയേറ്റർ ടോക്ക്. ഇതിനിടെ, ‘ആദിപുരാതനമായ കിറുക്ക്’ എന്ന തലക്കെട്ടോടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായ ‘നീലവെളിച്ചം’ കയ്യിലേന്തി ഇരിക്കുന്ന ഷെല്ലിയെയാണ് പോസ്റ്ററിൽ കാണുന്നത്. ബഷീറിന്റെ സാഹിത്യലോകവുമായി ‘ഉന്മാദ’ത്തിനുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്. പ്രത്യേകിച്ച് ‘നീലവെളിച്ച’ത്തിൽ ബഷീർ ഉപയോഗിച്ച ‘ആദിപുരാതനമായ കിറുക്ക്’ എന്ന പ്രയോഗമാണ് ശ്രദ്ധ നേടുന്നത്.

‘നീലവെളിച്ചം’ എന്ന കഥയിൽ ഏകാന്തത, വന്യമായ ഭാവന, ഭ്രാന്തചിന്തകൾ തുടങ്ങിയ മാനസികാവസ്ഥകളെ സൂചിപ്പിക്കുന്നതിനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. വിജനമായ വീട്ടിലെ ഏകാന്തവാസത്തിനിടെ ആഖ്യാതാവ് സ്വയം വിശേഷിപ്പിക്കുന്ന ഈ അവസ്ഥ, ബഷീറിന്റെ തനതായ സാഹിത്യശൈലിയുടെയും ജീവിതവീക്ഷണത്തിന്റെയും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നാണ്.

ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിപ്പോകുന്ന തരത്തിലുള്ള പ്രമേയമാണ് ‘ഉന്മാദ’ത്തിന്റേതെന്നതാണ് മറ്റൊരു കൗതുകം. അതുകൊണ്ടുതന്നെ ‘നീലവെളിച്ച’ത്തിലെ ബഷീറിയൻ ലോകവും ചിത്രത്തിലെ ഷെല്ലിയുടെ മാനസികാവസ്ഥയും തമ്മിലുള്ള സാമ്യമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. എന്നാൽ ഈ ബന്ധം ചിത്രത്തിന്റെ കഥയുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സിനിമ കണ്ടുതന്നെ വിലയിരുത്തേണ്ടതായിരിക്കും.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിർമ്മാണ സംരംഭമായ ‘ഉന്മാദം’, മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സംവിധാനത്തിലെ കൈയ്യടക്കത്തിന് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.

ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ‘തൊട്ടാൽ പ്രശ്‌നമാകുന്ന’ ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ‘ഉന്മാദം’, ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരുടെ അവതരണത്തിലാണ് ഒരുങ്ങിയത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. റാം മിർച്ചന്ദാനിയും രാജേഷ് മേനോനും സഹനിർമ്മാതാക്കളാണ്. അഭിനവ് മെഹ്‌റോത്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. അർജുൻ സേതുവിന്റെ ഛായാഗ്രഹണവും കിരൺ ദാസും ജിതിൻ ജോണും ചേർന്നുള്ള എഡിറ്റിംഗും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ സാങ്കേതിക മികവിന് മാറ്റുകൂട്ടുന്നു.