കഥ കേട്ട ഉടൻ സമ്മതം മൂളി ഷെയ്ൻ നിഗം; പുതിയ തമിഴ് ചിത്രം ‘ഷെയ്ൻ 28’ പ്രഖ്യാപിച്ചു

മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിർമ്മിച്ച് ജഗൻ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടൻ തന്നെ ഷെയ്ൻ നിഗം അഭിനയിക്കാൻ സമ്മതം മൂടുകയും ഡേറ്റ് നൽകുകയും ചെയ്തു എന്നത് ഇതിന്റെ പ്രത്യേകതയാണ്. തമിഴ് സംവിധായകൻ ആറ്റ്ലിയുടെ മുൻ സഹായിയാണ് സംവിധായകൻ ജഗൻ പെരിയസാമി. ‘ഷെയ്ൻ 28’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താൽക്കാലിക പേര്. ‘മദ്രാസ്കാരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ ഇതിനോടകം കബഡി പശ്ചാത്തലത്തിലുള്ള ‘ബൾട്ടി’ എന്ന സ്പോർട്സ് ആക്ഷൻ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സ്പോർട്സ് പശ്ചാത്തലത്തിലുള്ള ഷെയ്നിന്റെ മറ്റൊരു ചിത്രമായ ‘ഷെയ്ൻ 28’-ന്റെ കൂടുതൽ വിവരങ്ങളും അണിയറപ്രവർത്തകരെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും വൈകാതെ പുറത്തുവരും.