
ഗിരീഷ് എ.ഡി – നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് അഞ്ചാം വാരത്തിലും വിജയക്കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 28 ദിവസം പിന്നിടുമ്പോഴും കേരളത്തിലുടനീളം 266 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ ഈ ചിത്രം, മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ക്ലബ്ബ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ വൻ കളക്ഷൻ നേടിയ ചിത്രം മമിത ബൈജുവാണ് നായികയായി എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന് കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന, ജിസിസി രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും വിഷ്ണു വിജയന്റെ സംഗീതവും അജ്മൽ സാബുവിന്റെ ദൃശ്യങ്ങളും ചിത്രത്തിന്റെ വിജയത്തിന് മാറ്റുകൂട്ടി. നാലാം വാരമാകുമ്പോൾ തിയേറ്ററുകൾ കുറയുന്ന പതിവ് തെറ്റിച്ച്, അഞ്ചാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി ചിത്രം കുതിപ്പ് തുടരുകയാണ്.












