ബോളിവുഡിൽ വീണ്ടും നായകനായി പൃഥ്വിരാജ്; കരീന കപൂർ ചിത്രമായ ‘ദായ്‌റ’യുടെ ബുക്കിംഗ് ആരംഭിച്ചു

ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം റിലീസിനൊരുങ്ങുന്ന ഇന്ത്യൻ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും കരീന കപൂറും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ദായ്‌റ’. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡിസിപി രാമൻ കുമാർ എന്ന ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. നിലവിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മേഘ്‌ന ഗുൽസാറാണ് ദായ്‌റയുടെ സംവിധാനം. സെപ്റ്റംബർ 18-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന യഥാർത്ഥ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു മുഴുവൻനീള പൊലീസ് വേഷത്തിൽ ബോളിവുഡിൽ എത്തുന്നത് എന്നത് ആരാധകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ അഭിനയിക്കാൻ തീരുമാനിച്ചതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ മുന്നോട്ട് പോകുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും പൂർണ്ണമായും തന്നെ ആകർഷിച്ചുവെന്നും താരം പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ സംവിധാനത്തിലും കരീന കപൂറിനൊപ്പവുമുള്ള ഈ കൂട്ടുകെട്ട് തനിക്ക് ലഭിച്ച മികച്ചൊരു അനുഭവമായിരിക്കുമെന്നും ചിത്രത്തിന്റെ ലോഞ്ച് വേളയിൽ പൃഥ്വിരാജ് കൂട്ടിച്ചേർത്തിരുന്നു. സതീഷ് എരിയാളത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.