ശ്രീരാമനായി രൺബീർ കപൂറിന്റെ മേക്ക്ഓവർ; ‘രാമായണം’ ബി.ടി.എസ് വീഡിയോ പുറത്ത്

ബോളിവുഡ് താരം രൺബീർ കപൂറിന്റെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹം കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ബിഹൈൻഡ് ദ സീൻസ് (BTS) വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശ്രീരാമന്റെ വേഷത്തിലേക്കുള്ള രൺബീറിന്റെ ബോഡി ട്രാൻസ്ഫോർമേഷനും, കഥാപാത്രത്തിനായി താരം നടത്തുന്ന കഠിനമായ പരിശീലനങ്ങളുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ വേഷം കൈകാര്യം ചെയ്യുന്നത് വെറുമൊരു സിനിമാ റോൾ മാത്രമല്ലെന്നും, അത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസവും വലിയൊരു ഉത്തരവാദിത്തവുമാണെന്ന് രൺബീർ വീഡിയോയിൽ വ്യക്തമാക്കുന്നു. രാമായണ പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട് ശ്രദ്ധേയനായ അരുൺ ഗോവിൽ, രൺബീറിന്റെ ലാളിത്യത്തെയും സമർപ്പണത്തെയും പ്രശംസിച്ചു. സിനിമയിൽ ലക്ഷ്മണനായി വേഷമിടുന്ന രവി ദുബെയും, സീതയായി എത്തുന്ന സായ് പല്ലവിയും രൺബീറിന്റെ കഥാപാത്രത്തോടുള്ള ആത്മാർത്ഥതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നുണ്ട്.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് നിർമ്മിക്കുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസിന്റെ ബാനറിൽ നമിത് മൽഹോത്രയാണ് ചിത്രം നിർമ്മിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള ആക്ഷൻ വിദഗ്ദ്ധരും സ്റ്റണ്ട് പ്രൊഫഷണലുകളുമാണ് ചിത്രത്തിലെ സാഹസിക രംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിയോടെ തിയേറ്ററുകളിലെത്തും.