
ബിഗ് ബോസ് മലയാളം സീസൺ 8 ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ മത്സരാർത്ഥികൾക്കിടയിലെ ബന്ധങ്ങളും തന്ത്രങ്ങളും കൂടുതൽ ചർച്ചയാകുകയാണ്. ഇതിനിടെ ഷിജിനും കൊമ്പൻ എന്ന ശ്രീരാജും തമ്മിലുള്ള സൗഹൃദവും ഇരുവരുടെയും സംഭാഷണങ്ങളും ശ്രദ്ധ നേടുന്നു. ഐശ്വര്യയുമായുള്ള കൊമ്പന്റെ അടുപ്പത്തെക്കുറിച്ച് ഷിജിൻ നേരത്തെ നടത്തിയ ചില പരാമർശങ്ങൾ ശരിയായിരുന്നുവെന്ന് കൊമ്പൻ തിരിച്ചറിയുന്നതാണ് കഴിഞ്ഞ എപ്പിസോഡിലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്.
വീക്കിലി ടാസ്കിന് ശേഷം ഷിജിനുമായി സംസാരിക്കുന്നതിനിടെ ഐശ്വര്യ തന്നെ എങ്ങനെ ഗെയിമിന്റെ ഭാഗമാക്കിയെന്ന് കൊമ്പൻ തുറന്നുപറഞ്ഞു. താൻ ലീഡറാകണമെന്ന് ഐശ്വര്യ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം ഇപ്പോഴാണ് മനസ്സിലായതെന്നും കൊമ്പൻ പറഞ്ഞു. താൻ ലീഡറായാൽ തന്റെ അനുയായികളായി ഐശ്വര്യയെയും ഷിജിനെയും തിരഞ്ഞെടുക്കാൻ കഴിയുമെന്നും അതുവഴി മൂവർക്കും നോമിനേഷനിൽ നിന്ന് ഒഴിവാകാമെന്നുമായിരുന്നു കൊമ്പന്റെ വിലയിരുത്തൽ.
ഷിജിൻ ലീഡറായിരുന്നെങ്കിൽ ഐശ്വര്യയെ അനുയായിയാക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ തന്നെ ഉപയോഗിച്ച് ഗെയിം കളിക്കുകയായിരുന്നുവെന്നും കൊമ്പൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഷിജിൻ നേരത്തെ തന്നോട് പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നുവെന്നും താനാണ് അത് മനസ്സിലാക്കാതെ പോയതെന്നും കൊമ്പൻ സമ്മതിച്ചു.
മോഹൻലാൽ നേരത്തെ പറഞ്ഞ ചില കാര്യങ്ങളുടെ അർഥം ഇപ്പോഴാണ് വ്യക്തമായതെന്നും കൊമ്പൻ ഷിജിനോട് പറഞ്ഞു. ഇതിനൊപ്പം ഷിജിന്റെ ഗെയിം രീതിയെയും കൊമ്പൻ അഭിനന്ദിച്ചു. അതേസമയം, ഐശ്വര്യയും താഷിയും നോബിയും തമ്മിലുള്ള സംഭാഷണവും എപ്പിസോഡിൽ ശ്രദ്ധ നേടി. ഒരാളോട് ക്രഷ് തോന്നുന്നതിൽ തെറ്റില്ലെന്നും ഒന്നിലധികം പേരോട് അത്തരമൊരു ഇഷ്ടം തോന്നുന്നതും തെറ്റായി കാണേണ്ടതില്ലെന്നുമായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
നോബിയോട് ഐശ്വര്യയ്ക്ക് ക്രഷുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ ഷിജിനും കൊമ്പനും തമ്മിൽ നടന്നിരുന്നു. എന്നാൽ തന്റെ ഗെയിമിനെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു അടുപ്പത്തെയും പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടാണ് നോബി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ താനും ഇനി അത്തരമൊരു കാര്യത്തിന് പിന്നാലെയില്ലെന്ന നിലപാട് കൊമ്പനും അറിയിച്ചു. ബിഗ് ബോസ് ഹൗസിലെ സൗഹൃദങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കും ഒപ്പം ഓരോ മത്സരാർത്ഥിയുടെയും ഗെയിം തന്ത്രങ്ങളും മാറിമറിയുന്നതിന്റെ സൂചനകളാണ് പുതിയ എപ്പിസോഡിലെ സംഭവങ്ങൾ നൽകുന്നത്.












