‘എന്റെ ഉള്ള് നന്നായി വേദനിച്ചു’; ബിഗ് ബോസ് സീക്രട്ട് ടാസ്കിനെക്കുറിച്ച് മനസുതുറന്ന് ഗൗതം

ബിഗ് ബോസ് മലയാളം സീസൺ 8 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതൽ ആവേശകരവും സംഘർഷഭരിതവുമാകുന്ന ഷോയിൽ നിലവിൽ 19 മത്സരാർഥികളാണ് ശേഷിക്കുന്നത്. ഇതിനിടെ ഇത്തവണത്തെ വീക്കിലി ടാസ്കായ ‘ഹൗസ് ഇൻ’ ആണ് ബിഗ് ബോസ് പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ച.

അമാനുഷികരും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തെ ആസ്പദമാക്കിയുള്ള ടാസ്കിനിടെ നടന്ന സീക്രട്ട് ടാസ്കും ഏറെ ശ്രദ്ധ നേടിയിരുന്നു. അമാനുഷികരിൽ ഒരാളെ കൺഫഷൻ റൂമിലെത്തിച്ച് ഷോയിൽ നിന്ന് സ്വമേധയാ പുറത്തുപോകാൻ തയ്യാറാണെന്ന് പറയിപ്പിക്കുകയായിരുന്നു മനുഷ്യർക്ക് ലഭിച്ച രഹസ്യ ദൗത്യം.

ഇതിനായി ഗൗതമിനെയാണ് മനുഷ്യർ ലക്ഷ്യമിട്ടത്. ഷിജിൻ, ആസിഫ്, വിക്കി എന്നിവർ ചേർന്ന് സീക്രട്ട് ടാസ്ക് വിജയകരമായി നടപ്പാക്കുകയായിരുന്നു. എന്നാൽ ടാസ്കിന് പിന്നാലെ ഗൗതമിന്റെ പ്രതികരണവും ശ്രദ്ധ നേടി. സൗഹൃദത്തിന്റെ പേരിൽ തന്നെ വഞ്ചിച്ച രീതിയിൽ ടാസ്ക് നടത്തിയതിൽ ഗൗതം മാനസികമായി ഏറെ വിഷമിച്ചെന്നാണ് പിന്നീട് നടന്ന സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

തന്നെ വഞ്ചനയിലൂടെയും ചതിയിലൂടെയും മാത്രമേ പുറത്തേക്ക് കൊണ്ടുപോകാൻ കഴിയൂവെന്നും ഗൗതം പറഞ്ഞു. ആദ്യം ശ്രീലക്ഷ്മിയെയാണ് ലക്ഷ്യമിട്ടതെന്നും പിന്നീട് അവരുടെ നീക്കങ്ങൾ മനസിലാക്കി അതിനെ പൊളിക്കാൻ ശ്രമിച്ചെന്നും ഗൗതം വിശദീകരിച്ചു. വിക്കി ഷിജിനെതിരെ രംഗത്തെത്തിയപ്പോഴും താൻ അതിനെ കാര്യമായി എടുത്തില്ലെന്നും ഗൗതം പറഞ്ഞു. ‘കൂട്ടുകാർക്ക് വേണ്ടി പോകുമെന്ന് പറഞ്ഞതേയുള്ളൂ, നീ പോകുമോ ഇല്ലയോ എന്ന് കാണാം’ എന്നായിരുന്നു ഷിജിന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൺഫഷൻ റൂമിലെത്തിയപ്പോൾ ബിഗ് ബോസ് തന്നോട് ഷോയിൽ നിന്ന് പോകാനുള്ള തീരുമാനം അന്തിമമാണോയെന്ന് ചോദിച്ചെന്നും ഗൗതം പറഞ്ഞു. ആസിഫ് യഥാർഥത്തിൽ കരഞ്ഞതായും താൻ പോകുമെന്ന് പറഞ്ഞപ്പോൾ ബിഗ് ബോസ് മറ്റുള്ളവരെ അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൗഹൃദത്തെ മുൻനിർത്തിയുള്ള ഇത്തരം കണ്ടന്റുകൾ നൽകരുതെന്ന് ബിഗ് ബോസിനോട് താൻ ആവശ്യപ്പെട്ടതായും ഗൗതം പറഞ്ഞു. ടാസ്കിന്റെ ഭാഗമായി നടന്ന സംഭവങ്ങൾ തന്റെ ഉള്ളിനെ ഏറെ വേദനിപ്പിച്ചെന്നും ഗൗതം തുറന്നുപറഞ്ഞു.