
‘രോമാഞ്ചം’, ‘ആവേശം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു മാധവൻ. ഇപ്പോഴിതാ സൂര്യയെ നായകനാക്കി ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമായ ‘സീൻ’ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
ജിത്തു മാധവനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്. എന്നാൽ ആ പ്രോജക്ടുമായി ഇനി മുന്നോട്ടുപോകുന്നില്ലെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ജിത്തു മാധവൻ വ്യക്തമാക്കി. മോഹൻലാലിനെ മനസ്സിൽ കണ്ടെഴുതിയ ചിത്രം മറ്റൊരു താരത്തെ നായകനാക്കി ഒരുക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ചിത്രീകരണത്തിന് ആവശ്യമായ ദിവസങ്ങളുടെ എണ്ണമാണ് പ്രധാന വെല്ലുവിളിയായതെന്നാണ് ജിത്തു മാധവന്റെ വിശദീകരണം. ഒരുപാട് ആക്ഷൻ രംഗങ്ങളുള്ള ചിത്രമായതിനാൽ ഷൂട്ടിങ്ങിന് കൂടുതൽ സമയം ആവശ്യമായിരുന്നു. ചിത്രീകരണ ദിവസങ്ങൾ കുറയ്ക്കാൻ ശ്രമിച്ചെങ്കിലും കഥയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് പ്രായോഗികമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാൽ തുടർച്ചയായി സിനിമകളിൽ അഭിനയിക്കുന്നതിനാൽ ചിത്രത്തിനായി ആവശ്യമായത്ര ദിവസങ്ങൾ മാറ്റിവെക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് മനസ്സിലാക്കിയതോടെയാണ് പ്രോജക്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ജിത്തു മാധവൻ പറഞ്ഞു. മോഹൻലാലിനെ മനസ്സിൽ കണ്ടൊരുക്കിയ കഥ മറ്റൊരു നടന് അനുയോജ്യമായ രീതിയിൽ പുനർരചിക്കാൻ കഴിയില്ലെന്ന നിലപാടും സംവിധായകൻ പങ്കുവെച്ചു.
അതേസമയം, സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ ആണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രം. നസ്രിയ നായികയായെത്തുന്ന സിനിമയിൽ നസ്ലെനും പ്രധാന വേഷത്തിലുണ്ട്. നവംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.












