
സമയത്തിലൂടെ പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ അവസരം ലഭിച്ചാൽ ഒരാൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തും? കഴിഞ്ഞുപോയ തെറ്റുകൾ തിരുത്താനും ഭാവി അറിയാനുമുള്ള അവസരം ലഭിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും? ഇത്തരം കൗതുകകരമായ ചോദ്യങ്ങൾക്ക് സിനിമാറ്റിക് അനുഭവത്തിലൂടെ ഉത്തരം തേടുകയാണ് റമീസ് രചനയും സംവിധാനവും നിർവഹിച്ച ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’. പ്രമേയത്തിലെ പുതുമയും രസകരമായ സംഭവവികാസങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
സിനിമ എന്ന സ്വപ്നവുമായി മുന്നോട്ടുപോകുന്ന റിജിൻ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ടൈം ട്രാവൽ വാച്ച് കടന്നുവരുന്നതോടെയാണ് കഥ പുതിയ വഴിത്തിരിവിലെത്തുന്നത്. 12 വർഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന ഈ വാച്ച് റിജിന് തന്റെ ജീവിതത്തിലെ സംഭവങ്ങൾ മാറ്റാനുള്ള അവസരം നൽകുന്നു. എന്നാൽ സമയക്രമത്തിൽ വരുത്തുന്ന ഓരോ മാറ്റവും പുതിയ സാഹചര്യങ്ങൾക്കും അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കുന്നു. റിജിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അവ അയാളുടെ ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കിയാണ് ‘ഒറിജിനൽ’ ഒരുക്കിയിരിക്കുന്നത്. സമയത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഒരാളുടെ ജീവിതത്തെ എത്രത്തോളം മാറ്റിമറിക്കുമെന്ന ചോദ്യവും അതിലൂടെ ഉടലെടുക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുമ്പോൾ ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്തും രജീഷ് കെ. സൂര്യയും ചേർന്നാണ് കലാസംവിധാനം. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിരിക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയിലും പ്രവർത്തിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ജി.സി.സി. വിതരണ പങ്കാളി. ടൈം ട്രാവൽ എന്ന കൗതുകകരമായ പ്രമേയവും ഫാന്റസിയും ത്രില്ലറും സമന്വയിപ്പിച്ച ‘ഒറിജിനൽ’ സിനിമാപ്രേമികൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ബുക്ക് ചെയ്യാം.












