
തന്റെ ചിത്രങ്ങളിൽ നായികയാകാൻ നൽകിയ മൂന്ന് അവസരങ്ങളും നടി നസ്രിയ നസീം മുമ്പ് നിരസിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ സൂര്യ. ജിത്തു മാധവൻ സംവിധാനം ചെയ്ത് നവംബർ ആറിന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ‘സീൻ’ (Scene) എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ ചടങ്ങിനിടയിലാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നുവെന്നും, എന്നാൽ മുമ്പ് മൂന്ന് തവണ സമീപിച്ചപ്പോഴും അവർ അത് നിരസിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു. ഒടുവിൽ നാലാമത്തെ ശ്രമത്തിലാണ് ‘സീൻ’ എന്ന ചിത്രത്തിലൂടെ നസ്രിയ ആ ക്ഷണം സ്വീകരിച്ചതെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിലെ ‘മായ’ എന്ന കഥാപാത്രത്തിനായി നസ്രിയ എടുത്ത കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും സൂര്യ പ്രത്യേകം പ്രശംസിച്ചു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.








