
തമിഴ് സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ പ്രണയം ജീവിതത്തിലും മനോഹരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഇരുവരുടെയും ബന്ധം ആരാധകർക്കിടയിൽ എന്നും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും പ്രണയത്തെക്കുറിച്ച് രസകരമായൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടൻ കാർത്തി. സൂര്യയുടെയും ജ്യോതികയുടെയും സ്നേഹം കണ്ട് മറ്റു പല കുടുംബങ്ങളിലും ഭർത്താക്കന്മാർക്ക് ചോറ് കിട്ടാത്ത അവസ്ഥയാണെന്നാണ് കാർത്തിയുടെ തമാശ. സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘സീനി’ന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിലായിരുന്നു കാർത്തിയുടെ രസകരമായ പരാമർശങ്ങൾ. ‘കാക്ക കാക്ക’ സിനിമ മുതൽ സൂര്യയുടെയും ജ്യോതികയുടെയും കെമിസ്ട്രി തനിക്ക് പ്രത്യേകമായി തോന്നിയിട്ടുണ്ടെന്ന് കാർത്തി പറഞ്ഞു.
അടുത്തിടെ ഇരുവരോടൊപ്പം സ്കോട്ട്ലൻഡിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളും താരം പങ്കുവച്ചു. അപ്രതീക്ഷിതമായി യാത്രയ്ക്ക് ക്ഷണം ലഭിച്ചപ്പോൾ പോയതാണെന്നും അവിടെയെത്തിയപ്പോൾ ഒന്നിന് പിന്നാലെ ഒന്നായി സർപ്രൈസുകളായിരുന്നുവെന്നും കാർത്തി പറഞ്ഞു. അണ്ണി ജ്യോതിക ആ ബന്ധത്തിനായി നൽകുന്ന പരിശ്രമം മറ്റാർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അവരുടെ സ്നേഹം മറ്റൊരു തലത്തിലാണെന്നും താരം കൂട്ടിച്ചേർത്തു. ഇരുവരുടെയും പ്രണയം കണ്ട് അവിടെയുണ്ടായിരുന്ന മറ്റു ദമ്പതികൾക്ക് വരെ മത്സരിക്കേണ്ടി വന്നുവെന്നും തനിക്ക് കിട്ടിയ ‘അടി’യെക്കുറിച്ച് പുറത്തുപറയാൻ പോലും കഴിയില്ലെന്നുമായിരുന്നു കാർത്തിയുടെ തമാശ. ഇവരുടെ സ്നേഹം കണ്ട് പല വീടുകളിലും ഭർത്താക്കന്മാർക്ക് ചോറ് കിട്ടുന്നില്ലെന്നാണ് കേൾക്കുന്നതെന്നും എങ്ങനെ സ്നേഹിക്കണമെന്ന് സൂര്യയെയും ജ്യോതികയെയും കണ്ട് പഠിക്കണമെന്നാണ് പലരും പറയുന്നതെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
തമാശകൾക്കപ്പുറം ഇരുവരുടെയും സ്നേഹം ഏറെ മനോഹരവും സവിശേഷവുമാണെന്നും കാർത്തി അഭിപ്രായപ്പെട്ടു. സ്കോട്ട്ലൻഡിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരുന്നു സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹവാഗ്ദാനങ്ങൾ വീണ്ടും പുതുക്കിയ ചടങ്ങും ശ്രദ്ധ നേടിയിരുന്നു. 1999ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിലൂടെയാണ് സൂര്യയും ജ്യോതികയും പരിചയപ്പെടുന്നത്. പിന്നീട് ‘കാക്ക കാക്ക’, ‘പേരഴകൻ’, ‘മായാവി’, ‘സില്ലിനു ഒരു കാതൽ’ തുടങ്ങിയ സിനിമകളിലും ഒരുമിച്ചെത്തി. സിനിമയിലെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയും 2006ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടിട്ടും ഇരുവരുടെയും പ്രണയത്തിന് മാറ്റമില്ലെന്നതിന് തെളിവാണ് കാർത്തി പങ്കുവെച്ച അനുഭവങ്ങളും.







