
കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. വൻ വിജയമായ ‘അഞ്ചാം പാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും നിർമാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇരുവരും കൈകോർക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് നായകൻ എന്ന ഇമേജിൽ നിന്ന് മാറി പരീക്ഷണാത്മകവും വ്യത്യസ്തവുമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന താരം പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ പുതിയ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.
ജോർജ് ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്മസ് റിലീസായ ‘ലാലേട്ടൻ തരുൺ മൂർത്തി അതിമനോഹരം’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020 ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അഞ്ചാം പാതിര’. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ശ്രദ്ധേയമായ ത്രില്ലർ ചിത്രങ്ങളിലൊന്നായ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. ഈ വിജയചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന കുഞ്ചാക്കോ ബോബൻ–ആഷിഖ് ഉസ്മാൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.







