അജിത്തിനൊപ്പം ഉണ്ണി മുകുന്ദൻ, നിർമാണം ശാലിനി; ‘ഡെയർ ഡെവിൾ’ ചിത്രത്തിന് പൂജയോടെ തുടക്കം

തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ 64-ാമത് ചിത്രമായ ‘ഡെയർ ഡെവിൾ’ (Dare Devil) ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി ആരംഭിച്ചു. ആദിക് രവിചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി അജിത്ത് കുമാറാണ് നിർമ്മിക്കുന്നത്. മലയാളി താരം ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്റ്റിനുണ്ട്.

‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ തമിഴിൽ അഭിനയിക്കുന്ന സുപ്രധാന വേഷമാണിത്. ശ്രീലീല നായികയായി എത്തുന്ന ചിത്രത്തിൽ പാർത്ഥിപൻ, സുനിൽ, റെഡിൻ കിങ്സ്ലി, പ്രഭു, രാധിക, യോഗി ബാബു എന്നിവരടടങ്ങുന്ന വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 12-ന് ഹൈദരാബാദിൽ ആരംഭിക്കും.