വാഹനാപകടത്തില്‍ പൊള്ളലേറ്റ നടി ആന്‍ ഹേഷ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടി ആന്‍ ഹേഷ് അന്തരിച്ചു. 53 വയസായിരുന്നു. കാര്‍ അപകടത്തില്‍ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ലോസ് ആഞ്ജലസിലെ മാര്‍ വിസ്റ്റയിലുള്ള വാള്‍ഗ്രോവ് അവന്യൂവില്‍ വെച്ച് അപകടമുണ്ടായത്. താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.

ഹേഷിന്റെ കാര്‍ ഒരു കെട്ടിട സമുച്ചയത്തില്‍ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ച് ഹേഷിനെ രക്ഷപ്പെടുത്തി എല്‍എഎഫ്ഡി പാരാമെഡിക്‌സ് ഏരിയ ആശുപത്രിയില്‍ എത്തിച്ചത്. താരം വാഹനം ഓടിച്ചിരുന്നത് അമിതവേഗത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചിലപ്പോള്‍ ചികിത്സയ്ക്ക് വേദന കുറയ്ക്കാന്‍ ഉപയോഗിച്ചാതാകാം എന്നാണ് വിവരം. 1990-കളിലെ ‘ഡോണി ബ്രാസ്‌കോ’, ‘സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്’ എന്നീ സിനിമകളിലൂടെയും പിന്നീട് പ്രശസ്ത ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിനാലും ഹേഷ് വാര്‍ത്തകളിലിടം നേടി. പിന്നീട് കോള്‍മാന്‍ കോളിയായിരുന്നു ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.

Previous article‘പാപ്പന്റെ പുലി’ എക്‌സ്‌യുവി 700 സ്വന്തമാക്കി ഗോകുല്‍ സുരേഷ്
Next articleതിരക്കേറിയ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്ക് മാത്രമായി അല്‍പസമയം; സ്പെയിനിലേക്ക് പറന്ന് നയന്‍സും വിക്കിയും