
ബിഗ് ബോസ് മലയാളം ‘അഗ്നിപരീക്ഷ’ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഫൈനൽ പോരാട്ടം കടുക്കുന്നതിനിടെ മത്സരാർത്ഥികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും തുറന്നുപറച്ചിലുകളും കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ നടന്ന ആദ്യ ഓപ്പൺ നോമിനേഷനും ഇതിന് തെളിവായി.
ഹൗസിലേക്ക് തിരിച്ചെത്താൻ താൽപ്പര്യമില്ലാത്ത രണ്ട് മത്സരാർത്ഥികളെ ഓരോരുത്തരും നേരിട്ട് തിരഞ്ഞെടുക്കണമെന്നതായിരുന്നു ഓപ്പൺ നോമിനേഷനിലെ ടാസ്ക്. തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയ ശേഷം, മത്സരാർത്ഥിയുടെ മുഖമുള്ള പേപ്പർ കീറിയോ ചുരുട്ടിയോ വലിച്ചെറിയുകയായിരുന്നു ചെയ്യേണ്ടത്. മത്സരാർത്ഥികൾ പരസ്പരം തുറന്നടിച്ചതോടെ നോമിനേഷൻ ഏറെ ആവേശകരമായി. ആദ്യം എത്തിയ ശ്യാം എൽദോയെയും ഷാമോനെയും നോമിനേറ്റ് ചെയ്തു. ഷിബിന ലോലീറ്റയെയും ശ്യാമിനെയും തിരഞ്ഞെടുത്തപ്പോൾ ഷാമോൻ ശ്യാമിനെയും സോനയെയും നോമിനേറ്റ് ചെയ്തു. അഫിയാനസ് ഷിജുലാലിനെയും രാകേഷിനെയും നോമിനേറ്റ് ചെയ്തപ്പോൾ ലോലീറ്റ ഷിജുലാലിനെയും ഷിജിനെയും തിരഞ്ഞെടുത്തു.
തുടർന്ന് രാകേഷ് ഷിജുലാലിനെയും ലോലീറ്റയെയും നോമിനേറ്റ് ചെയ്തു. ഷിജുലാൽ രാകേഷിനെയും അഫിയാനസിനെയും തിരഞ്ഞെടുത്തു. ഷിജിൻ താഷിയെയും ഷാമോനെയും നോമിനേറ്റ് ചെയ്തപ്പോൾ സോന രാകേഷിനെയും ഷിജിനെയും നോമിനേറ്റ് ചെയ്തു. താഷി ഷിജുലാലിനെയും ലോലീറ്റയെയും തിരഞ്ഞെടുത്തു. അവസാനമെത്തിയ എൽദോ സോനയെയും ശ്യാമിനെയും നോമിനേറ്റ് ചെയ്തു.
നോമിനേഷനിൽ ഏറ്റവും കൂടുതൽ പേരുടെ തിരഞ്ഞെടുപ്പിൽ ഇടംപിടിച്ച നാല് മത്സരാർത്ഥികൾക്കായിരുന്നു പിന്നീട് ‘റോസ്റ്റിംഗ് ചെയർ’ കാത്തിരുന്നത്. ശ്യാം, ലോലീറ്റ, രാകേഷ്, ഷിജുലാൽ എന്നിവരാണ് റോസ്റ്റിംഗ് ചെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റോസ്റ്റിംഗ് ചെയറിലെത്തിയ ഓരോ മത്സരാർത്ഥിയെയും ജഡ്ജസ് രൂക്ഷമായി വിമർശിച്ചു. പ്രകടനം, നിലപാടുകൾ, വ്യക്തിപരമായ സമീപനം തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റോസ്റ്റിംഗ്. നിലപാടില്ലെന്ന വിമർശനമാണ് ശ്യാമിന് നേരിടേണ്ടി വന്നത്. അതേസമയം, ‘ക്യൂട്ടിനെസ്’ അമിതമായി ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള വിമർശനമാണ് ലോലീറ്റയ്ക്ക് ലഭിച്ചത്.
‘സാധാരണക്കാരൻ’ എന്ന ഇമേജ് ഉപയോഗിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് ഗെയിം കളിക്കരുതെന്ന മുന്നറിയിപ്പാണ് രാകേഷിന് ലഭിച്ചത്. അതേസമയം, മറ്റ് മത്സരാർത്ഥികളുടെ ടാർഗറ്റായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നായിരുന്നു ഷിജുലാലിനുള്ള ജഡ്ജസിന്റെ നിർദേശം.
നാലുപേരെയും ജഡ്ജസ് ശക്തമായി വിമർശിച്ചതോടെ റോസ്റ്റിംഗ് ചെയർ സെഗ്മെന്റ് ശ്രദ്ധേയമായി. വിമർശനങ്ങൾ മത്സരാർത്ഥികളെയും കാര്യമായി ബാധിച്ചുവെന്നാണ് എപ്പിസോഡിൽ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, ഓപ്പൺ നോമിനേഷനിൽ ഏറ്റവുമധികം പേരുടെ തിരഞ്ഞെടുപ്പിൽ ഇടംപിടിച്ച ഈ നാല് മത്സരാർത്ഥികൾ തന്നെയാണോ അഗ്നിപരീക്ഷയിൽ നിന്ന് പുറത്താകുക എന്ന ചർച്ചയും പ്രേക്ഷകർക്കിടയിൽ സജീവമാണ്. ആരൊക്കെയാണ് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.












