1200ലധികം മണിക്കൂറുകള്‍, 80 ലക്ഷത്തിലധികം രൂപ; ശരീരം മുഴുവന്‍ ടാറ്റൂമായി ഒരാള്‍

ശരീരത്തില്‍ ഇഷ്ടമുള്ളിടത്തെല്ലാം ടാറ്റൂ ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാല്‍ ശരീരമാകമാനം ടാറ്റു ചെയ്യുന്നവര്‍ കുറവായിരിക്കും. കാനഡയില്‍ നിന്നുമുള്ള റെമി ശരീരത്തില്‍ 95 ശതമാനം ഭാഗത്തും ടാറ്റു ചെയ്തിരിക്കുകയാണ്. ഒരുപക്ഷെ ലോകത്തില്‍ വെച്ച് നോക്കുമ്പോള്‍ ശരീരത്തില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത വ്യക്തികളില്‍ ഒരാള്‍ കൂടിയായിരിക്കും റെമി.

വര്‍ഷങ്ങളായി റെമി തന്റെ ശരീരത്തില്‍ ടാറ്റു ചെയ്യുന്നുണ്ട്. 2009ല്‍ തന്റെ മകന്റെ പേരായിരുന്നു റെമി ആദ്യമായി ടാറ്റു ചെയ്തത്. പിന്നീട് പല പല പരീക്ഷണങ്ങള്‍ ശരീരത്തില്‍ നടത്തി. 1200ല്‍ അധികം മണിക്കൂറുകളാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ഏകദേശം എണ്‍പത് ലക്ഷത്തിലധികം രൂപ ഇപ്പോള്‍ തന്നെ ചിലവാക്കി. ഇനിയും പല ടാറ്റു പരീക്ഷണങ്ങളും തന്റെ ശരീരത്തില്‍ നടത്തുവാന്‍ തന്നെയാണ് റെമിയുടെ പദ്ധതി.

സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സും റെമിക്കുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് റിമിയെ പിന്തുടരുന്നത്. ഓരോ പുതിയ ടാറ്റുവിന്റെ വിശേഷങ്ങളും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റെമി ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്.

പുതിയ ടാറ്റുവിനും നിരവധി അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. പുതിയ ടാറ്റു ചെയ്യാന്‍ ഏഴുമാസം എടുത്തെന്നും വിപുലവും സങ്കീര്‍ണവുമായ ഡിസൈനുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും റെമി വ്യക്തമാക്കി.