‘ജാമ്യത്തിലിറങ്ങിയ ജാനി മാസ്റ്ററിനൊപ്പം A R റഹ്മാൻ’; ഫോട്ടോയ്ക്ക് കീഴിൽ അധിക്ഷേപം

സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം നേരിട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. പ്രായപൂർത്തിയാകാത്ത അസിസ്റ്റൻ്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായി സഹകരിച്ചതാണ് ഇതിന് കാരണം.

രാം ചരണിൻ്റെ പെഡ്ഡി’ എന്ന ചിത്രത്തിലെ ‘ചിക്കിരി ചിക്കിരി’ എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതിന് ശേഷം ജാനി, എ.ആർ. റഹ്മാനൊപ്പമുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് റഹ്മാനെതിരെ വിമർശനം ശക്തമായത്.

നവംബർ 9-നാണ് നൃത്തസംവിധായകൻ ജാനി, എ.ആർ. റഹ്മാനും ‘പെഡ്ഡി’യുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. “ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ.

അദ്ദേഹത്തിൻ്റെ സംഗീതത്തിൽ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ,” എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. പോസ്റ്റ് വന്നതിനുപിന്നാലെ എ.ആർ. റഹ്മാൻ ഒരു കുറ്റാരോപിതനെ തനിക്കൊപ്പം സഹകരിപ്പിച്ചു എന്ന ആക്ഷേപമുന്നയിച്ച് ആളുകൾ കമന്റ്റ് ചെയ്‌ത്‌ തുടങ്ങി.