രവി തേജയ്ക്കൊപ്പം അനശ്വര രാജൻ; ‘ആർടി 78’ന് ‘തുലാഭാരം’ എന്ന് പേരിട്ടു

തെലുങ്ക് താരം രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തുലാഭാരം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 78-ാമത്തെ ചിത്രമായതിനാൽ ‘ആർടി 78’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പൂജാ ചടങ്ങിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, അനശ്വര രാജൻ, തരുൺ ഭാസ്കർ, ജെ.ഡി. ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘ബ്രിഡ്ജ് പ്രൊഡക്ഷൻസ്’ ബാനറിൽ ലക്ഷ്മണും ശ്രീനി റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിവേക് സാഗറാണ്. രചനയും വിവേക് ആത്രേയ നിർവഹിക്കുന്നു. 2027ലെ വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

അതേസമയം, രവി തേജയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഇരുമുടി’യാണ്. അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധം പ്രമേയമാക്കിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ശിവ നിർവാണ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സ്വാസിക, സായ് കുമാർ, അജയ് ഘോഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്.