
ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ വിഖ്യാത നോവൽ ‘One Hundred Years of Solitude’ വെബ് സീരീസായി അവതരിപ്പിച്ചത് സാഹിത്യകൃതികളെ ദൃശ്യാവിഷ്കാരമാക്കാനുള്ള സാധ്യതകൾ തുറന്നുകാട്ടുന്നു. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ പരമ്പര, നോവലിന്റെ സങ്കീർണമായ കഥാപരിസരവും മാജിക്കൽ റിയലിസവും തനിമ ചോരാതെ ദൃശ്യഭാഷയിലേക്ക് പകർത്തുന്നതിൽ ശ്രദ്ധേയമായ വിജയം നേടി.
ഒരേ പേരിലുള്ള കഥാപാത്രങ്ങൾ, കാലത്തിന്റെ ചാക്രികമായ സഞ്ചാരം, വിസ്മയങ്ങളും ദുരന്തങ്ങളും ഇടകലരുന്ന ജീവിതം എന്നിവയെ മനോഹരമായ ദൃശ്യങ്ങളിലൂടെയും മികച്ച സംവിധാനത്തിലൂടെയും പരമ്പര അവതരിപ്പിക്കുന്നു. കൊളംബിയൻ സംസ്കാരവും പ്രകൃതിയും പശ്ചാത്തലമാക്കിയുള്ള ചിത്രീകരണവും അഭിനേതാക്കളുടെ പ്രകടനവും ശ്രദ്ധേയമാണ്.
മലയാള സാഹിത്യത്തിലെ ക്ലാസിക് കൃതിയായ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ദൃശ്യപരമ്പരയാക്കുന്നതും അസാധ്യമല്ലെന്നാണ് ഈ സൃഷ്ടി നൽകുന്ന സൂചന. സാഹിത്യത്തോട് ആത്മാർഥതയും സർഗാത്മകതയുമുള്ള ഒരു കൂട്ടായ്മയ്ക്ക് ഖസാക്കിന്റെ സവിശേഷമായ ലോകത്തെ മികച്ച വെബ് സീരീസായി അവതരിപ്പിക്കാനാകുമെന്ന് ഈ പരമ്പര തെളിയിക്കുന്നു.












