
നിവേദ്യത്തിലെ സത്യഭാമയായി വന്ന് മലയാളികളുടെ മനസിൽ ചേക്കേറിയ അഭിനേത്രിയാണ് നടി ഭാമ. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ നടി ഇപ്പോൾ ബൊട്ടീക്ക് ബിസിനസും പാരന്റിങ്ങുമെല്ലാമായി തിരക്കിലാണ്. 2020ൽ ആയിരുന്നു നടിയുടെ വിവാഹം. ചെന്നിത്തല സ്വദേശിയായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വൈകാതെ ഭാമ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോൾ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു.

അതോടെയാണ് നടിയുടെ ദാമ്പത്യ ജീവിതം ചർച്ചയായി തുടങ്ങിയത്. ഒരു ദിവസം സോഷ്യൽമീഡിയ പോസ്റ്റിലൂടെ താൻ സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി ഭാമ എത്തുകയായിരുന്നു. അതല്ലാതെ വിവാഹമോചിതയാണോ, വേർപിരിഞ്ഞ് താമസിക്കുകയാണോ എന്നതിലൊന്നും പ്രതികരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല. പക്ഷെ ദാമ്പത്യ ജീവിതത്തിൽ നിന്നും നിരവധി കയ്പേറിയ അനുഭവങ്ങൾ നടിക്കുണ്ടായിട്ടുണ്ടെന്നത് പിന്നീട് നടി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും കുറിച്ച വാക്കുകളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സ്റ്റോറിയാണ് ചർച്ചയാകുന്നത്. നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ.
അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാമെന്നായിരുന്നു ഭാമയുടെ സ്റ്റോറിയിലെ വാക്കുകൾ. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു. സ്വന്തം വ്യക്തി ജീവിതത്തിലെ അനുഭവങ്ങളുമായി സാമ്യമുള്ളതുകൊണ്ടാകും നടി ഇത്തരം വാക്കുകൾ ഷെയർ ചെയ്യുന്നതെന്നാണ് ആരാധകരുടെ നിഗമനം.












