
കലാമൂല്യവും വാണിജ്യ വിജയവും ഒരുമിപ്പിച്ച ‘കിഷ്കിന്ധാകാണ്ഡം’ ടീം വീണ്ടും ഒന്നിച്ച ‘എക്കോ’ മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. യുവതാരം സന്ദീപ് പ്രദീപ് നായകനായ ഈ മിസ്റ്ററി ത്രില്ലർ, ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
മികച്ച മൗത്ത് പബ്ലിസിറ്റിയെ തുടർന്ന് ആദ്യ ദിനത്തേക്കാൾ വലിയ കളക്ഷനാണ് രണ്ടാം ദിനം ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനം കേരളത്തിൽ നിന്ന് 73 ലക്ഷം രൂപ നേടിയ ചിത്രം, രണ്ടാം ദിനമായ ശനിയാഴ്ച ട്രാക്കർമാരുടെ കണക്ക് പ്രകാരം 1.75 കോടി രൂപ നേടി. ഇതോടെ, ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രത്തിന് 2.5 കോടി രൂപയിലധികം നേടാൻ കഴിഞ്ഞു.
ഇന്ന് (ഞായറാഴ്ച) ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ‘ബുക്ക് മൈ ഷോ’യിൽ മണിക്കൂറിൽ ഏകദേശം 8000 ടിക്കറ്റുകളാണ് നിലവിൽ വിറ്റുപോയിരിക്കുന്നത്. ശനിയാഴ്ച നേടിയതിനേക്കാൾ വലിയ കളക്ഷൻ ഞായറാഴ്ച ചിത്രം നേടുമെന്ന് ഉറപ്പാണ്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷൻ 3.08 കോടി രൂപയാണ്.
ശനിയാഴ്ചത്തെ ബുക്ക് മൈ ഷോ കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ ചിത്രവും ‘എക്കോ’ തന്നെയാണ്. 24 മണിക്കൂറിനുള്ളിൽ 97,000 ടിക്കറ്റുകളാണ് ഈ പ്ലാറ്റ്‌ഫോമിൽ മാത്രം വിറ്റഴിച്ചത്. തെലുങ്ക് ചിത്രം ‘രാജു വെഡ്‌സ് രംബായ്’ (70,000 ടിക്കറ്റുകൾ), ബോളിവുഡ് ചിത്രം ‘ദേ ദേ പ്യാർ ദേ 2’ (69,000 ടിക്കറ്റുകൾ) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
‘കിഷ്കിന്ധാകാണ്ഡം’ ടീമിന്റെ പുതിയ ചിത്രം എന്ന യു.എസ്.പി.യും യുവനിരയിലെ ശ്രദ്ധേയ നടൻ സന്ദീപ് പ്രദീപിന്റെ സാന്നിധ്യവും ‘എക്കോ’യുടെ വിജയത്തിന് കാരണമായി.











