
മലയാള സിനിമയിൽ പരീക്ഷണ സ്വഭാവമുള്ള മികച്ച സിനിമകൾ ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ, തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ട് എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവൽ ഇതിന് മറ്റൊരു ഉദാഹരണമാണ്. കരിയറിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഈ ചുവടുവെപ്പിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ, ചിത്രം ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് നേടുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ച മുതൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന് കേരളത്തിൽ നിന്ന് വെള്ളിയാഴ്ച ലഭിച്ച കളക്ഷനെക്കാൾ അധികം ശനിയാഴ്ച നേടുകയും, അതിലും ഉയർന്ന കളക്ഷൻ ഞായറാഴ്ച നേടുകയും ചെയ്തതായി ട്രാക്കർമാർ അറിയിക്കുന്നു. കേരളത്തിൽ നിന്ന് മാത്രമുള്ള ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷൻ ഏകദേശം 15.7 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ഇത് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഭീഷ്മ പർവ്വം, ടർബോ എന്നീ ചിത്രങ്ങളാണുള്ളത്. എന്നാൽ, ഈ രണ്ട് ചിത്രങ്ങളും വ്യാഴാഴ്ചകളിലാണ് റിലീസ് ചെയ്തത് എന്നതിനാൽ, അവയുടെ ആദ്യ വാരാന്ത്യ കളക്ഷൻ നാല് ദിവസത്തേതാണ്. ഇത് പരിഗണിക്കുമ്പോൾ, മൂന്ന് ദിവസങ്ങൾ കൊണ്ട് മികച്ച പ്രകടനമാണ് ‘കളങ്കാവൽ’ കാഴ്ചവെച്ചിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിലും ‘കളങ്കാവൽ’ സമാനമായ കുതിപ്പാണ് നടത്തുന്നത്. ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, ചിത്രം ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ഏകദേശം 44-45 കോടി രൂപ നേടിയിട്ടുണ്ട്.
നാല് ദിവസത്തെ ഓപ്പണിംഗ് വീക്കെൻഡിൽ ഭീഷ്മ പർവ്വം (44.6 കോടി), ടർബോ (44.55 കോടി) എന്നിവ നേടിയ കളക്ഷന് തുല്യമായ നേട്ടമാണ് മൂന്ന് ദിവസങ്ങൾ കൊണ്ട് ‘കളങ്കാവൽ’ സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം, മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ എട്ടാമത്തെ ആദ്യ വാരാന്ത്യ കളക്ഷനാണ് ‘കളങ്കാവലി’ന്റേത്. ബോക്സ് ഓഫീസിൽ മികച്ച തുടക്കം ലഭിച്ച ചിത്രം, ഇനി വരുന്ന പ്രവർത്തി ദിനങ്ങളിൽ എങ്ങനെ കളക്റ്റ് ചെയ്യുമെന്ന ആകാംഷയിലാണ് സിനിമാ ലോകം.











