‘മമ്മൂക്കയുടെ കണ്ണുകൾ വളരെ ശക്തം, നോക്കുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടുമായിരുന്നു’; അനുഭവം പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

ഫേക്ക് ന്യൂസുകൾക്ക് താൻ അധികം വില കൊടുക്കാറില്ലെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ഇതിനകം തന്നെ പല തെ​റ്റായ വാർത്തകളും വന്നിട്ടുണ്ട്. ചിലപ്പോൾ തന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അവയൊക്കെയെന്നും താരം പറഞ്ഞു.

”അമല പോളുമായി അഭിനയിച്ചപ്പോഴും അത്തരത്തിലുളള വാർത്തകൾ വന്നിരുന്നു. ഞാനും അമലയുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുളള വാർത്തകളായിരുന്നു അത്. അമലയെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇപ്പോൾ മലയാളം വായിക്കാൻ പഠിക്കണമെന്ന ഉദ്ദേശവുമില്ല. അതിന് കാരണം ഉണ്ട്. നമ്മളെക്കുറിച്ചുളള ഗോസിപ്പുകൾ അറിയണ്ടല്ലോ” – ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും താരം പങ്കുവെച്ചു. ”ചിത്രത്തിന്റെ സംവിധായകൻ ലോഹിതദാസ് സാറിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്നാണ്. സാർ എന്നെ ചുമ്മാതെ നോക്കും. എന്നിട്ട് ഒരു ചിരി തരും. സാർ എങ്ങനെ അഭിനയിക്കണമെന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തന്നിട്ടില്ല. ലൊക്കേഷനിൽ വച്ച് ഞാൻ തന്നെ സംശയിച്ച് പോയിട്ടുണ്ട്. ഒരു സൂപ്പർസ്​റ്റാർ എങ്ങനെയായിരിക്കുമെന്ന് ഞാൻ കണ്ടത് അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു.

മമ്മൂക്കയുടെ ചു​റ്റും എപ്പോഴും നാലഞ്ച് പേർ ഉണ്ടായിരിക്കും. അതൊക്കെ എനിക്ക് അത്ഭുതമായിരുന്നു. ഞങ്ങൾ തമ്മിലുളള ആദ്യത്തെ ഷോട്ടിൽ തന്നെ എനിക്കൊരു കാര്യം മനസിലായി. മമ്മൂക്കയുടെ കണ്ണുകൾ വളരെ ശക്തമാണ്. മമ്മൂക്ക നോക്കുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വലിയ ശക്തിയുണ്ട്” – ലക്ഷ്മി ​ഗോപാലസ്വാമി പറയുന്നു.