
നടനും എം എൽ എയുമായ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക. മുകേഷുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്ന് മേതിൽ ദേവിക പറയുന്നു. ഒരു ദേശീയ മാധ്യമത്തിനോടാണ് ദേവികയുടെ പ്രതികരണം. ലൈംഗികാരോപണക്കേസിൽ കഴിഞ്ഞ ദിവസമാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. ഈയവസരത്തിൽ മുകേഷിന്റെ മുൻഭാര്യ കൂടിയായ മേതിൽ ദേവിക മുകേഷിനെക്കുറിച്ച് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മുകേഷിന്റെ ഭാര്യയുടെ സ്ഥാനത്ത് നിന്നും താൻ പൂർണമായും ഇറങ്ങി എന്നാണ് ദേവിക പറയുന്നത്. നിയമപരമായുള്ളത് വേറെ കാര്യമെന്നും ദേവിക കൂട്ടിച്ചേർക്കുന്നു. ഭാര്യയുടെ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ഒരു വ്യക്തിയെ അവരായി കാണുക എളുപ്പമാണ് എന്നും ദേവിക പറയുന്നു. ഭാര്യയായിരിക്കുമ്പോൾ അവരിൽ കാണാതെ പോയ മൂല്യങ്ങൾ പിന്നീട് കാണാം. എന്താണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് ആൾക്കാർക്ക് മനസിലാവില്ല എന്നും ദേവിക പറയുന്നു. കേസ് നടക്കുന്നുണ്ട് എന്ന് കൂടി ദേവിക ചൂണ്ടി കാണിക്കുന്നു.

അതുപോലെ തന്നെ മുകേഷിനെതിരെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ലൈംഗികാരോപണത്തെക്കുറിച്ചും മേതിൽ ദേവിക സംസാരിക്കുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ പരാതിയുടെ സത്യാവസ്ഥ തനിക്കറിയാമെന്ന് മേതിൽ ദേവിക പറയുന്നു. തനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ താൻ പറയുന്നില്ല. ഇപ്പോൾ വന്ന ആരോപണത്തിന്റെ സത്യം തനിക്കറിയാം എന്നും ദേവിക പറയുന്നു.
അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരോപണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. ആരോപണങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കണം. ഇല്ലെങ്കിൽ അതിനേക്കാൾ വലിയ ശിക്ഷ ആരോപിക്കുന്ന ആൾക്ക് കൊടുക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. ചുമ്മാ പറയുന്നത് അപകടകരമാണെന്നും മേതിൽ ദേവിക പറഞ്ഞു.
അതേസമയം നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി മാറിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേർക്കുമിടയിൽ അസ്വാരസ്യമുണ്ടാവുകയും 2021 ൽ ഇരുവരും വേർപിരിയാനും തീരുമാനിച്ചു. നടി സരിതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്.

സരിത ഗുരുതര ആരോപണങ്ങൾ മുകേഷിനെതിരെ അക്കാലത്ത് ഉന്നയിച്ചു. എന്നാൽ മേതിൽ ദേവിക വിവാഹ മോചന സമയത്ത് മുകേഷിനെതിരെ ഒന്നും തന്നെ സംസാരിച്ചില്ല. അതേസമയം താൻ അദ്ദേഹവുമായി സൗഹൃദത്തിലാണ് എന്നാണ് ദേവിക പറയുന്നത്. തങ്ങൾക്കിടയിൽ ശത്രുതയില്ല എന്നും ദേവിക പറയുന്നു. ഇപ്പോഴും ദേവിക മുകേഷിനോട് സംസാരിക്കാറുണ്ട് എന്നാണ് പറയുന്നത്.











