രണ്ടാം വിവാഹവാർത്ത പങ്കുവെച്ചതിന് പിന്നാലെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഗായിക റിമി ടോമി. തന്റെ ഫിറ്റ്നസ് ട്രെയിനറായിരുന്ന ലിബിൻ മാത്യുവിനെയാണ് റിമി ജീവിതപങ്കാളിയാക്കുന്നത്. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. വിവാഹശേഷം മുംബൈയിൽ താമസമാക്കാനാണ് റിമിയുടെ തീരുമാനം. ഇതിനിടെ, ഒരു സംഗീത റിയാലിറ്റി ഷോയിൽ വിധികർത്താവായിരിക്കെ സംഗീതസംവിധായകൻ ശരത്തിൽ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ചുള്ള റിമിയുടെ പഴയ വെളിപ്പെടുത്തലും വീണ്ടും ശ്രദ്ധ നേടുകയാണ്. ഗായിക എന്നതിലുപരി മികച്ച സ്റ്റേജ് പെർഫോമറും അവതാരകയുമാണ് റിമി ടോമി. നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും താരം എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയപ്പോഴായിരുന്നു സംഗീതസംവിധായകൻ ശരത്തിൽ നിന്ന് തനിക്ക് ബുദ്ധിമുട്ടേറിയ അനുഭവമുണ്ടായതെന്ന് റിമി വെളിപ്പെടുത്തിയിരുന്നു.
പി. ജയചന്ദ്രൻ, ശരത് തുടങ്ങിയ പ്രമുഖർ വിധികർത്താക്കളായിരുന്ന പരിപാടിയിലേക്കാണ് റിമിയെയും ക്ഷണിച്ചത്. എന്നാൽ അവിടെവെച്ച് ശരത്തിന്റെ ചില പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചെന്നും നാല് ദിവസത്തെ ഷൂട്ടിങ്ങിനായി എത്തിയ താൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അവിടെനിന്ന് മടങ്ങിയെന്നും റിമി പറഞ്ഞു. ശരത് പറഞ്ഞത് തമാശയായിരിക്കാമെന്നും തമാശകൾ പറയുന്ന റിമിക്ക് അത് തമാശയായി കാണാൻ കഴിയുമായിരുന്നില്ലേയെന്നുമുള്ള ചോദ്യത്തിനും താരം മറുപടി നൽകിയിരുന്നു. ശരത്തേട്ടന്റെയും തന്റെയും തമാശകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു റിമിയുടെ പ്രതികരണം.
‘ഞാൻ അങ്ങനെയുള്ള തമാശകൾ പറയാറുണ്ടോ? ശരത്തേട്ടന്റെയും എന്റെയും തമാശകൾ തമ്മിൽ വ്യത്യാസമുണ്ട്. അത്രയും ക്രൂരമായ രീതിയിൽ ഞാൻ തമാശ പറയുമോ എന്ന് എനിക്ക് സംശയമാണ്. എന്റെ അടുത്താണെങ്കിലും കുട്ടികളുടെ അടുത്താണെങ്കിലും അങ്ങനെയൊന്നും പറയാറില്ല. ഒരുപക്ഷേ, അവരുടെ സമപ്രായക്കാരല്ലാത്ത ഒരാൾ അവിടെ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ടായിരിക്കാം. അല്ലെങ്കിൽ അവരേക്കാൾ വിവരം കുറഞ്ഞ ഒരാൾ അവിടെ ഇരിക്കുന്നതുകൊണ്ടായിരിക്കാം. സംഗീതത്തെക്കുറിച്ച് അവർക്കുള്ള അത്രയും അറിവ് എനിക്കില്ലല്ലോ,’ എന്നായിരുന്നു റിമിയുടെ വാക്കുകൾ. അതേസമയം, ശരത്തിനോട് തനിക്ക് ദേഷ്യമോ വിരോധമോ ഇല്ലെന്നും റിമി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ഇപ്പോഴും ഗുരുതുല്യനായാണ് കാണുന്നതെന്നും താരം പറഞ്ഞു. എന്നാൽ ഏറെ ഇഷ്ടപ്പെടുന്നവർ പോലും ആവർത്തിച്ച് നമ്മളെ താഴ്ത്തിക്കെട്ടുമ്പോൾ അവരോടുള്ള ഇഷ്ടം കുറയുമെന്നും റിമി കൂട്ടിച്ചേർത്തു.
ശരത്തിനെ മോശക്കാരനാക്കാനല്ല താൻ ഈ അനുഭവം പങ്കുവെച്ചതെന്നും അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ സംസാരിച്ചതാണെന്നും റിമി വിശദീകരിച്ചു. തന്റെ പിതാവ് മരിച്ച സമയത്ത് ശരത് വിളിച്ച് സംസാരിച്ചിരുന്ന കാര്യവും താരം ഓർത്തെടുത്തു. സംഗീതലോകത്തെ പ്രമുഖരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ തനിക്ക് വേദനിച്ച അനുഭവം തുറന്നുപറയുകയായിരുന്നു റിമി. താരത്തിന്റെ ഈ പഴയ വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
