
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീൻ’ റിലീസിനൊരുങ്ങുകയാണ്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ‘യേശനകുല’ ഗാനവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. പുറത്തിറങ്ങി 17 ദിവസത്തിനുള്ളിൽ ഗാനം 100 മില്യൺ കാഴ്ചകൾ പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ട്രെൻഡിങ് ലിസ്റ്റിലും ഗാനം ഒന്നാം സ്ഥാനത്തെത്തി.
മാസ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ വില്ലൻ വേഷത്തിലെത്തുമെന്ന തരത്തിലുള്ള ചർച്ചകൾ ടീസർ പുറത്തുവന്നതിന് പിന്നാലെ സജീവമായിരുന്നു. നസ്രിയയാണ് ചിത്രത്തിലെ നായിക. സൂര്യ, നസ്രിയ, നസ്ലെൻ എന്നിവർക്കൊപ്പം ജോൺ വിജയ്, ആനന്ദ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ദീപാവലി റിലീസായി നവംബർ 6ന് ചിത്രം തിയറ്ററുകളിലെത്തും. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന സൂര്യ ചിത്രമെന്ന നിലയിലും ‘സീൻ’ ശ്രദ്ധേയമാണ്. സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം അവസാനത്തോടെ ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കേരളത്തിലും ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. വമ്പൻ ബജറ്റിൽ വലിയ കാൻവാസിലാണ് ചിത്രം ഒരുക്കുന്നത്.
മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിനാണ്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ഉണ്ണി പാലോടാണ് ഛായാഗ്രഹണം.












