തലമുടി കൊഴിച്ചിൽ കാരണം ടെൻഷനിലാണോ, ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ; മുടി വളരാൻ മാർ​ഗം വീട്ടിൽ തന്നെയുണ്ട്

തലമുടി കൊഴിച്ചിൽ നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മാനസികമായി ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില മാർ​ഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാം. ചില ഹെയർ പാക്കുകൾ ഇതാ…

1. കറ്റാർവാഴ ഹെയർ പാക്ക്

താരൻ, തലമുടി കൊഴിച്ചിൽ എന്നിവയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴയെന്ന് എല്ലാവർക്കും അറിയാമെല്ലോ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകളുണ്ട്. ഇതാണ് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

2. ഉള്ളി ഹെയർ പാക്ക്

രണ്ട് ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കാവന്നതാണ്. ഈ നീര് ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നതാണ് മുടിക്ക് നല്ലതാണ്.

3. ഉലുവ ഹെയർ പാക്ക്

ഉലുവയിലെ അമിനോ ആസിഡുകൾ തലമുടിയുടെ വളർച്ചയ്ക്ക് ​ഗുണകരമാണ്. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാവുന്നാണ്. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം.

4.നെല്ലിക്ക ഹെയർ പാക്ക്

തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക വളരെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ തലമുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ പാക്ക് സഹായിക്കും.