“ഭാഗ്യവാൻ ആരായാലും ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുന്നതുവരെ പുറത്തുപറയരുത്”; ബന്ധുക്കൾ പോലും ശത്രുക്കളാകുമെന്നു കഴിഞ്ഞ തവണത്തെ ഭാഗ്യശാലി

ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ തവണത്തെ 25 കോടിയുടെ ഭാഗ്യശാലി അനൂപ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഭാഗ്യവാന്‍ ആരായാലും ടിക്കറ്റ് ബാങ്കില്‍ എല്‍പ്പിക്കുന്നതുവരെ അത് പുറത്തുപറയരുതെന്ന് അനൂപ് പറയുന്നു. ലോട്ടറി ഭാഗ്യം കടാക്ഷിച്ചാല്‍ പിന്നീട് ശത്രുക്കളുടെ എണ്ണം കൂടും. ബന്ധുക്കള്‍ പോലും ശത്രുക്കളാകുന്ന സ്ഥിതിയാണെന്നും അനൂപ് പറഞ്ഞു.വിജയികള്‍ ഒരിക്കലും പൊതുസമൂഹത്തിന് മുന്നില്‍ വരരുതെന്നാണ് എന്റെ അഭിപ്രായം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായം ചോദിക്കും. ഒന്ന് രണ്ട് തവണ സഹായിക്കാം. പിന്നെ നമുക്ക് അതിന് സാധിച്ചില്ലെങ്കില്‍ അതോടെ പിണക്കവും ശത്രുതയുമാകുമെന്നും അനൂപ് പറഞ്ഞു.25 കോടി അടിച്ചെങ്കിലും പതിനഞ്ച് കോടി എഴുപത് ലക്ഷമാണ് ആദ്യം കിട്ടിയത്. അതിനുശേഷം മൂന്ന് കോടി അടുപ്പിച്ച് കേന്ദ്ര ടാക്‌സ് കൊടുത്തു. എല്ലാം കഴിഞ്ഞ് 12 കോടി എഴുപത്തിയഞ്ച് ലക്ഷമാണ് എന്റെ കയ്യില്‍ കിട്ടിയത്. വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്. ഒരു ലോട്ടറി ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ബാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.ലോട്ടറി അടിച്ചതിന് പിന്നാലെ സ്വന്തമായൊരു ലോട്ടറി ഷോപ്പ് അനൂപ് തുടങ്ങിയിരുന്നു. ഭാഗ്യശാലിയായതിനാൽ അനൂപിന്റെ കടയിൽ നിന്നും ലോട്ടറിയെടുത്താൻ വിജയിക്കുമെന്ന് കരുതുന്ന ധാരാളം പേരുണ്ടത്രേ. മാത്രമോ, അനൂപിന്റെ കൈയ്യിൽ നിന്നും നേരിട്ട് ടിക്കറ്റ് എടക്കാൻ കാത്ത് നിൽക്കുന്നവരും ഉണ്ട്. നാഗർകോവിൽ നിന്നടക്കം ആളുകളെത്തി അനൂപിന്റെ കൈയ്യിൽ നിന്നും ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും അനൂപ് പറയുന്നു. അതേസമയം ലോട്ടറിയെടുക്കാൻ ഏതൊക്കെ നമ്പറുകൾ എടുക്കണമെന്ന് ചോദിച്ചാൽ അതിന് അനൂപിന്റെ മറുപടി ഇങ്ങനെയാണ്- ‘പ്രത്യേകിച്ച് നമ്പറുകളൊന്നും ഇല്ല, താൻ റിസൽട്ട് നോക്കി കറക്കി കുത്തി എടുക്കാറുണ്ട്. ചില സമയങ്ങളിൽ സമ്മാനവും കിട്ടിയിട്ടുണ്ട്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവർക്ക് ചില ഏതൊക്കെ നമ്പറുകൾ അടിക്കുമെന്ന് കൃത്യമായ ധാരണ കാണും’, അനൂപ് പറയുന്നു. അതൊടൊപ്പം തന്നെ ഒരുപാട് ടിക്കറ്റുകൾ എടുക്കാതെ ഒന്നോ രണ്ടോ ടിക്കറ്റ് എടുക്കാമെന്ന ഉപദേശവും അനൂപ് നൽകുന്നു.
അടുത്ത  ഭാഗ്യശാലിയോട് അനൂപിന് മറ്റു ചില കാര്യങ്ങളും പറയാനുന്ദ് .  പ്രധാന കാര്യം ലോട്ടറി അടിച്ചാൽ അതൊരിക്കലും മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് ഒരു ചാർട്ട്ഡ് അക്കൗണ്ടിനെ ബന്ധപ്പെടുക. ഏതൊക്കെ പണമാണ് അടക്കേണ്ടത്, ടാക്സ് അടക്കേണ്ട തുക ഇതെല്ലാം മനസിലാക്കി വെച്ച് കൃത്യമായ രീതിയിൽ തുക വിനിയോഗിക്കുക. ചിലർ ബ്ലാക്കിന് ടിക്കറ്റ് മാറാനൊക്കെ ശ്രമിക്കാറുണ്ട്. അതൊക്കെ പൊല്ലാപ്പിലേ ചെന്ന് അവസാനിക്കൂ. അതിനാൽ ലോട്ടറി അടിച്ചാൽ ലോട്ടറി വകുപ്പിൽ നിന്ന് തന്നെ കൃത്യമായി പണം മാറ്റിയെടുക്കാം’, അനൂപ് പറഞ്ഞു.


ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് 25 കോടി നേടിയ ആ ഭാഗ്യ നമ്പര്‍ ഏതാണെന്ന് അറിയാനാകും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ബമ്പര്‍ എടുക്കാന്‍ ലോട്ടറി ഷോപ്പുകളിലെല്ലാം വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 500 രൂപയാണ് തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില.സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഉച്ചയോടെ 80 ലക്ഷം അടുപ്പിച്ച് ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് കരുതപ്പെടുന്നത്. ഇതര സംസ്ഥാനക്കാരടക്കം നിരവധി പേര്‍ ടിക്കറ്റെടുത്ത് പോകുന്നുണ്ടെന്ന് കച്ചവടക്കാരും പറയുന്നു.