സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാവ്യ മാരനൊപ്പമുള്ള ചിത്രം അനിരുദ്ധ് പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നാണ് റിപ്പോർട്ടുകൾ.
‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന എന്റെ 11:11 വിഷ്’ എന്ന അടിക്കുറിപ്പോടെയാണ് അനിരുദ്ധിന്റെ പേരിൽ ചിത്രം പ്രചരിച്ചത്. ഇതോടെ ഇരുവരും വിവാഹിതരായോ എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. സിനിമാ മേഖലയിലെ പ്രമുഖരും ഇരുവർക്കും ആശംസകൾ അറിയിച്ചതായും പ്രചാരണമുണ്ട്.
2025ലാണ് അനിരുദ്ധും കാവ്യ മാരനും പ്രണയത്തിലാണെന്നും ഇരുവരുടെയും കുടുംബങ്ങൾ വിവാഹാലോചനകൾ നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചത്. വാർത്തകൾ വ്യാപകമായതോടെ അനിരുദ്ധ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘വിവാഹമോ? ഹാ ഹാ… എല്ലാവരും ശാന്തരാകൂ. ദയവായി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അനിരുദ്ധിന്റെ വിവാഹത്തെക്കുറിച്ച് സൂചന നൽകിയതും വാർത്തയായിരുന്നു.
അതേസമയം, ‘ജയിലർ 2’, നാനി നായകനാകുന്ന ‘ദ പാരഡൈസ്’ തുടങ്ങിയ ചിത്രങ്ങളാണ് അനിരുദ്ധിന്റെ പുതിയ സംഗീതസംവിധാനത്തിലുള്ളത്. ഷാരൂഖ് ഖാന്റെ ‘കിങ്’, രജനികാന്തിന്റെ ‘ധർമ്മൻ’, കമൽഹാസന്റെ ‘ഇന്ത്യൻ 3’ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്നത്.
