
മകൾക്കെതിരായ എസ്എഫ്ഐഒ കേസിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ല, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ല. മകളുടെ കേസിനെ ഗൗരവത്തോടെ നേരിടണം. പ്രതിപക്ഷത്തോടും ,മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ആശ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. 60 ദിവസമായി നടക്കുന്ന സമരമാണത്.അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ എല്ലാ വിവരങ്ങളും തെറ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ഇതുവരെ ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണ്. 2019ൽ വർദ്ധിപ്പിച്ചതാണ്. എന്നാൽ അത് അപര്യാപ്തമാണ്. കേരള സർക്കാറും, കേന്ദ്ര സർക്കാറും ഇതിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. ചർച്ചയ്ക്ക് വിട്ട മന്ത്രിമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തത് . ഒരു ശതമാനം ആശ വർക്കർമാർ മാത്രമാണ് സമരം ചെയ്യുന്നതെന്ന അഭിപ്രായം അബദ്ധധാരണയാണെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിന്റെ കേരളത്തിലെ പുനഃസംഘടന സംബന്ധിച്ച് ഇപ്പോൾ ഒരു ചർച്ചയുമില്ലെന്നും യഥാസമയത്ത് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പറഞ്ഞ സതീശൻ സംസ്ഥാന നേതൃമാത്രം സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ലെന്നും കൂട്ടിച്ചേർത്തു. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് യുഡിഫ് സുസജ്ജമാണെന്നും വി.ഡി സതീശൻ പറഞ്ഞു.











