
‘എന്നോട് പറയ് പ്രശ്നം എന്താണന്ന്. എന്ത് പ്രശ്മാണെങ്കിലും ഇതിന് പരിഹാരം നമ്മള്‍ ഉണ്ടാക്കി തരും. ..മോനിങ് വാട…പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ… ഞാന്‍ പരിഹരിച്ചു തരില്ലേ പ്രശ്നം ” എസ്.ഐ സന്തോഷ് കെ.എമ്മിന്റെ സ്‌നേഹത്തോടെയുള്ള വിളിയില്‍ ആത്മഹത്യ ശ്രമം ഉപേക്ഷിച്ച് യുവതി.

ആത്മഹത്യയ്‌ക്കൊരുങ്ങി പാറക്കെട്ടിനു മുകളില്‍ കയറിയ യുവതിയെ ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ച് അടിമാലി പൊലീസ് താഴെയിറക്കി. അടിമാലി കുതിരയിള ആദിവാസി സങ്കേതത്തില്‍ നിന്നുള്ള യുവതി നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടില്‍ കയറിയതായി നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി. മഴ പെയ്ത് പായല്‍ പിടിച്ചു വഴുക്കുന്ന പാറയുടെ മുകളിലായിരുന്നു യുവതി.

എസ്‌ഐ കെ.എം.സന്തോഷും സഹപ്രവര്‍ത്തകരും പാറക്കെട്ടിനു മുകളില്‍ എത്തിയെങ്കിലും യുവതി നില്‍ക്കുന്ന സ്ഥലം വരെ എത്താന്‍ കഴിഞ്ഞില്ല. എസ്‌ഐ സന്തോഷ് തനിയെ പാറയുടെ മുകളിലൂടെ ഊര്‍ന്നിറങ്ങി യുവതിയുടെ സമീപമെത്തി ഒരു മണിക്കൂറോളം സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതിലുള്ള മനോവിഷമമാണ് കാരണമെന്നും യുവതി പറഞ്ഞു. സുരക്ഷിതമായി മലയിറക്കിയ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് അയച്ചു.











