
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. രേഖാമൂലം എതിർപ്പ് അറിയിക്കുന്നതിനായി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17-ലേക്ക് മാറ്റിയത്.
സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ., റിമാൻഡ് റിപ്പോർട്ട്, മൊഴി പകർപ്പ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസാണെന്നും, അന്വേഷണം നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഇ.ഡി. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
എന്നാൽ, രഹസ്യ സ്വഭാവത്തോടെയാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്നും അതിനാൽ രേഖകൾ കൈമാറാൻ സാധിക്കില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) നിലപാട്. എന്നാൽ രേഖകൾ ആവശ്യപ്പെട്ടുള്ള നിലപാടിൽ ഇ.ഡി. ഉറച്ചു നിൽക്കുകയാണ്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. വിജിലൻസ് കോടതിയെ സമീപിച്ചത്. കേസ് രേഖകൾ കൈമാറുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.











