
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ചും പുകഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തലയില്‍ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിവാദ മലപ്പുറം പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു ഒരുകാര്യംപറഞ്ഞതാണ്. പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരായിരുന്നു. ആ രാഷ്ട്രീയപാര്‍ട്ടിയെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവരെല്ലാം കൂടി അതിനെതിരെ രംഗത്തുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി.
ആളുകളുടെ മനസ്സുകളിലേക്ക് നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് അദേഹ൦. എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്ന് ദശാബ്ദം ഇരിക്കുക എന്ന് പറയുമ്പോള്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമേ ഈ സ്ഥാനത്ത് തുടര്‍ന്നിരുന്നുള്ളൂ എന്നത് നാം ഓര്‍ക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി പറയുന്നു.











